ബേക്കല്‍ കോര്‍പ്പറേഷനും റിസോര്‍ട്സ് കേരളയും ലയിക്കുന്നു
തിരുവനന്തപുരം: ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷനും ടൂറിസം റിസോര്‍ട്സ് കേരള ലിമിറ്റഡും ലയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
രണ്ട് കമ്പനികളും റിസോര്‍ട് വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ രണ്ടും ലയിപ്പിക്കുന്നതാണ് ഉചിതമെന്ന് വിനോദസഞ്ചാര സെക്രട്ടറി ടി. ബാലകൃഷ്ണന്‍ പറഞ്ഞു.
വിദഗ്ധരായ ജീവനക്കാരുള്ള ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ റിസോര്‍ട് വികസ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ടൂറിസം റിസോര്‍ട്സ് കേരള ലിമിറ്റഡ് താജ്, ഒബ്റോയി ഹോട്ടല്‍ ഗ്രൂപ്പുകളുമായി പങ്കാളിത്തത്തിലെത്തി ചേര്‍ന്നിട്ടുണ്ട്. ഇരുകമ്പനികളും ലയിക്കുന്നതിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവും- ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ലയനം സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് രൂപം നല്‍കിയിട്ടില്ല. പുതിയ കമ്പനി വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ ഭാഗമായിട്ടാണോ പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ പ്രത്യേക സ്ഥാപനമായി നിലകൊള്ളുമോ എന്നൊന്നും തീരുമാനിച്ചിട്ടില്ല. ലയന പ്രക്രിയ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്ന് ബാലകൃഷ്ണന്‍ അറിയിച്ചു.
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ സ്വകാര്യമേഖലയില്‍ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി വിനോദസഞ്ചാര കോര്‍പ്പറേഷന്റെ കീഴിലാണ് ടൂറിസം റിസോര്‍ട്സ് കേരള ലിമിറ്റഡ് രൂപീകരിച്ചത്. ബേക്കലില്‍ ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര റിസോര്‍ട് വികസിപ്പിക്കാന്‍ വേണ്ടിയാണ് ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ നിലവില്‍ വന്നത്.