ഒമ്പത് ഇനം മരങ്ങള്‍ മുറിയ്ക്കാം
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് പട്ടയമുള്ള ഭൂമിയിലെ തേക്ക്, ഈട്ടി തുടങ്ങി ഒമ്പത് ഇനം മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.
നവംബര്‍ 12 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കേരള പ്രമോഷന്‍ ഒഫ് ട്രീ ഗ്രോത്ത് എന്ന ഓര്‍ഡിനന്‍സ് തേക്ക്, ഈട്ടി, ഇരുള്‍, തേമ്പാവ്, കമ്പകം, ചെമ്പകം, ചെടച്ചി, ചീനി, ചന്ദനവേപ്പ് എന്നീ മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കുന്നത്.
ഇപ്പോള്‍ ഈ മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പിന്റെ അനുമതി വേണം. ഓര്‍ഡിനന്‍സ് വരുന്നതോടെ അനുമതിയില്ലാതെ തന്നെ മരം മുറിക്കാം. എന്നാല്‍ ചന്ദനം മുറിക്കാന്‍ അനുവാദമില്ല. ഓര്‍ഡിനന്‍സ് വരുന്നതോടെ കര്‍ഷകര്‍ കൂടുതലായി മരം വച്ചുപിടിപ്പിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഡിസംബര്‍ 21, 22 തീയതികളില്‍ കേരളം സന്ദര്‍ശിക്കുന്ന 12-ാം ധനകാര്യ കമ്മിഷന് സമര്‍പ്പിക്കുന്ന നിവേദനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പെരുമ്പാവൂര്‍ റയോണ്‍സ് തുറയ്ക്കുന്നതിന് ധാരണാപത്രം ഒപ്പിടും.
നവംബര്‍ 24ന് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.