വെല്ലുവിളി നേരിടാന്‍ തയ്യാറെന്ന് മുരളി
കോഴിക്കോട്: ബദല്‍ മന്ത്രിസഭ രൂപീകരിക്കുന്നതു സംബന്ധിച്ച് വേണ്ടിവന്നാല്‍ വെല്ലുവിളി നേരിടാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
നവംബര്‍ 16 ഞായറാഴ്ച കോഴിക്കോട്ട് വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു മുരളീധരന്‍. ബദല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വേണ്ട എംഎല്‍എമാരുടെ എണ്ണം തികയാത്തതു കൊണ്ടല്ല മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസ്താവന നടത്തിയതെന്ന് മുരളീധരന്‍ പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ചമയേണ്ട. പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുത്താല്‍ സഹകരിക്കാമെന്ന തന്റെ പ്രസ്താവനയോട് പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ക്ഷണിക്കാത്ത സ്ഥലത്ത് അഭിപ്രായം പറഞ്ഞ് മുഖ്യമന്ത്രി ചമയാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.
തന്റെ പ്രസ്താവനയോട് രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പ്രതികരിക്കുമെന്നാണ് കരുതുന്നത്. കേരളത്തിലെ യുഡിഎഫ്ഭരണത്തില്‍ മടുത്ത ജനങ്ങള്‍ക്ക് പ്രശ്നപരിഹാരം ഉടന്‍ വേണമെന്നുണ്ട്. പ്രശ്നപരിഹാരം വൈകുന്നത് അപകടമാണെന്ന് മുരളി പറഞ്ഞു.