അവകാശവാദം അവിശ്വസിക്കുന്നില്ല: വി.എസ്
തിരുവനന്തപുരം: തന്നോടൊപ്പം 34 എംഎല്‍എമാരുണ്ടെന്ന കരുണാകരന്റെ അവകാശവാദം അവിശ്വസിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. നവംബര്‍ 22 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
31 എംഎല്‍എമാരുടെ പിന്തുണ കരുണാകരന് നേടാനാവില്ല എന്നാണ് ആന്റണി പറഞ്ഞത്. ഇപ്പോള്‍ അതില്‍ കൂടുതല്‍ അംഗങ്ങളുടെ പിന്തുണയാണ് കരുണാകരന്‍ നേടിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ 40 സീറ്റ് ഫിക്സഡ് ഡിപ്പോസിറ്റ് പോലെ വേറെയുണ്ട്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആന്റണി ബുദ്ധിമുട്ടും.
ബദല്‍ സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ എ. കെ. ജി. സെന്ററിലായിരിക്കുമെന്നും കോണ്‍ഗ്രസ് പിളരുമെന്നാണ് ആന്റണി പരിതപിക്കുന്നത്. എങ്കില്‍ പിന്നെ മുതിര്‍ന്ന നേതാവിന് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു കൊടുക്കാന്‍ ആന്റണിക്ക് തയ്യാറായിക്കൂടേയെന്ന് അച്യുതാനന്ദന്‍ ചോദിച്ചു.
പുതിയ സര്‍ക്കാര്‍ ആന്റണിയുടെ നയമാണോ പിന്തുടരുന്നതെന്ന് ആദ്യമേ പരിശോധിക്കും. ജനങ്ങള്‍ക്ക് അനുകൂലമായ നയങ്ങളാണ് പിന്തുടരുന്നതെങ്കില്‍ പിന്തുണ നല്‍കും. സ്പീക്കര്‍ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാതെ ആന്റണി സര്‍ക്കാരിന് ഒഴിഞ്ഞ് നില്‍ക്കാനാവില്ല.
സൈലന്റ് വാലിയില്‍ വ്യാപകമായി ഭൂമി കൈയേറ്റം നടക്കുന്നുണ്ടെന്നും ഇതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും അച്യുതാനന്ദന്‍ ആരോപിച്ചു. ഭൂമി കൈയേറ്റം തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്ക്രിയരായിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കും.