കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബദല്‍ നീക്കം തകര്‍ക്കാന്‍ ലീഗ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തുടക്കത്തില്‍ കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുത്ത ലീഗ് നയം മാറ്റി. കരുണാകരന്റെ നേതൃത്ത്വത്തിലുള്ള ബദല്‍ മന്ത്രിസഭാ രൂപീകരണം ഏത് വിധേനയും തടയുകയാണ് ലീഗിന്റെ ഇപ്പോഴത്തെ പ്രധാന പരിപാടി.

ഇതിന്റെ കാരണങ്ങളും പകല്‍ പോലെ വ്യക്തമാണ്. കരുണാകരനോടൊപ്പം ചെന്നാല്‍ സി പി എം കൂട്ടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ വഴിയിലേയ്ക്ക് നോക്കുകയേ വേണ്ട. അതുകൊണ്ട് തന്നെയാണ് തുടക്കത്തില്‍ കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരം തേടി മുസ്ലിം ലീഗ് അലയുകയാണ്. ഐക്യമുന്നണി ഘടക കക്ഷികളുടെ യോഗം വിളിച്ചും ദില്ലിയില്‍ പോയി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയെ കണ്ടും പല തവണ ലീഗ് ഈ ശ്രമങ്ങള്‍ നടത്തി. ഏറ്റവും ഒടുവില്‍ ഡിസംബര്‍ ഒന്നുവരെ കാത്തിരിയ്ക്കണമെന്ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കരുണാകരനോട് നേരിട്ട് ആവശ്യപ്പെട്ടു. നേതൃമാറ്റം വേണമെന്ന് തന്നെയാണ് ലീഗിന്റെ മനസ്സിലിരിപ്പ്. അത് ആന്റണിയോടുള്ള സ്നേഹം കൊണ്ടല്ല, പകരം ബദല്‍ സംവിധാനം ഉണ്ടായാല്‍ സ്ഥാനം പോകും എന്നതുകൊണ്ടാണ്. അപ്പോള്‍ പ്രശ്നമില്ലാതെ നേതൃമാറ്റം നടക്കുന്നതാണ് ലീഗിന് നല്ലത്.

അങ്ങനെ നേതൃമാറ്റത്തിനായി നേരത്തേ നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലപ്പെടാതെ പോയപ്പോള്‍ അവസാന നിമിഷം ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തെ എങ്ങനെയും ചെറുക്കാനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിയ്ക്കുകയാണ് മുസ്ലിം ലീഗ്. അതിന് എല്ലാ വിധ മാര്‍ഗ്ഗങ്ങളും ലീഗ് സ്വീകരിയ്ക്കുന്നുണ്ട്. ലീഗും എ വിഭാഗവുമായി കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ആലപ്പുഴ കളപ്പുരയിലുള്ള ഗസ്റ് ഹൗസില്‍ വച്ച് നവംബര്‍ 26 ബുധനാഴ്ചയും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും ഒരുമണിയ്ക്കൂറോളം ചര്‍ച്ച നടത്തി. സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, മുഖ്യമന്ത്രി എ. കെ. ആന്റണി എന്നിവരുമായും ലീഗ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.

ലീഗിന്റെ ശ്രമങ്ങള്‍ വിഷമത്തിലാക്കുന്നത് നേതൃമാറ്റമല്ലാതെ മറ്റൊരു നടപടിയ്ക്കും കരുണാകരന്‍ വഴങ്ങാത്തതുകൊണ്ടാണ്. മാത്രമല്ല അത് കരുണാകരന് ഡിസംബര്‍ ഒന്നിന് മുമ്പേ നടക്കുകയും വേണം. ഐക്യമുന്നണിയില്‍ ഈ പ്രശ്നത്തിന് കാരണക്കാര്‍ ലീഗാണെന്ന് ഒരു വിഭാഗം കരുണാകര വിരുദ്ധര്‍ പറയുന്നുണ്ട്. അതുകൊണ്ട് ലീഗ് തന്നെയാണ് ഈ ശ്രമങ്ങള്‍ നടത്തേണ്ടതെന്നും അവര്‍ കരുതുന്നു. എറണാകുളം ഉപ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കാര്യമായി ഐക്യമുന്നണിയോട് സഹകരിച്ചിരുന്നെങ്കില്‍ മുന്നണി സ്ഥാനാര്‍ത്ഥി വിജയിച്ചേനെ. എങ്കില്‍ കുരണാകരന് ഇത്തരത്തില്‍ കാഹളം മുഴക്കാനുള്ള അവസരമേ ഉണ്ടാകുമായിരുന്നില്ല.

കരുണാകരസംഘം ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ പിന്നെ കേരള രാഷ്ട്രീയത്തില്‍ കുറച്ച് കാലത്തേയ്ക്കെങ്കിലും ലീഗ് ഹജ്ജിന് പോയാല്‍ മതി. അത് തന്നെയാണ് ബദല്‍ നീക്കം തകര്‍ക്കാന്‍ മുസ്ലിം ലീഗ് നെട്ടോട്ടം ഓടുന്നതിന്റെ കാര്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X