കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘടകകക്ഷികള്‍ ആശയക്കുഴപ്പത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കരുണാകരന്‍ എം എല്‍ എ മാരുടെ പട്ടികയുമായി ഗവര്‍ണറെ കാണുമെന്ന് പറയുന്നത് പല ഘടക കക്ഷികളേയും ആശയ കുഴപ്പത്തിലാക്കിയിരിയ്ക്കുകയാണ്.

പ്രധാനമായും വിഷമത്തിലായിരിയ്ക്കുന്നത് ജെ എസ് എസ്, സി എം പി, ആര്‍ എസ് പി (ബി), കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എന്നീ പാര്‍ട്ടികളാണ്.

കേരളാ കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ മനസ്സുകൊണ്ട് കരുണാകരന് ഒപ്പം തന്നെയാണ്. അതുകൊണ്ട് അവര്‍ക്ക് ആശയകുഴപ്പം താരതമ്യേന കുറവാണ്. ഈ സര്‍ക്കാര്‍ തുടരുകയാണെങ്കില്‍ അതിനോടൊപ്പം നില്‍ക്കുക. വീഴുമെന്ന് ഉറപ്പായാല്‍ മറുകണ്ടം ചാടുക, അതാണ് അവരുടെ തന്ത്രം. പാര്‍ട്ടി തന്നെ ഈ നയം സ്വീകരിയ്ക്കുന്നതുകൊണ്ട് മറ്റ് പ്രശ്നങ്ങളുമില്ല. എങ്കിലും തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇരു പാര്‍ട്ടികളും നവംബര്‍ 26 ബുധനാഴ്ച സംയുക്ത യോഗം ചേരുന്നുണ്ട്.

കെ. ആര്‍. ഗൗരിയുടെ ജെ എസ് എസിന് പല പ്രശ്നങ്ങളാണ്. ഈ കൂട്ടുകെട്ട് വിട്ട് കരുണാകരനോടൊപ്പം ചെന്നാല്‍ സി പി എം അവരെ അംഗീകരിയ്ക്കുമോ എന്നതാണ് പ്രധാന പ്രശ്നം. ഇതിനോടൊപ്പം മറ്റൊരു പ്രശ്നവും ഗൗരിയെ അലട്ടുന്നുണ്ട്. നാല് എം എല്‍എമാരുള്ള ഗൗരിയുടെ ജെഎസ്എസില്‍ നിന്ന് രണ്ട്പേരെ അടര്‍ത്തിയെടുക്കാന്‍ കരുണാകരന്‍ ശ്രമം നടത്തുന്നുണ്ട്. കാര്യമായ രാഷ്ട്രീയ ഭാവി ഉറപ്പായുള്ളവരല്ല ജെ എസ് എസിലെ എം എല്‍ എ മാര്‍. അതുകൊണ്ട് തന്നെ അവര്‍ കരുണാകരനോടൊപ്പം പോകാന്‍ അരസമ്മതം ഉള്ളവരാണ്. ഇതിനെ ചെറുക്കാനായി ഗൗരി ശ്രമിയ്ക്കുന്നുണ്ട്. ഇതിനൊപ്പം ഈ എംഎല്‍എമാരുമായി സ്പീക്കര്‍ വക്കം പുരുഷോത്തമനും ചര്‍ച്ച നടത്തുന്നുണ്ട്.

ആര്‍ എസ് പി ബി യ്ക്ക് വേണമെങ്കില്‍ കരുണാകരനോടൊപ്പം പോകുന്നതിനോട് വിയോജിപ്പില്ല. പക്ഷേ അവരുടെ മാതൃസംഘടന ! ( എല്‍ ഡി എഫിലെ ആര്‍ എസ് പി) യുടെ നിലപാട് എന്തായിരിയ്ക്കുമെന്ന് അവര്‍ക്ക് ഉറപ്പില്ല. കാര്യമായ എതിര്‍പ്പുണ്ടാകാന്‍ സാദ്ധ്യതയില്ലെന്നാണ് കരുതുന്നത്. എന്നാല്‍ കരുണാകരന്‍ തന്റെ തന്ത്രങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്തതുകൊണ്ട് ഇവരും ആശയകുഴപ്പത്തിലാണ്.

സിഎംപി യ്ക്ക് ആശയ കുഴപ്പം പുതിയ സംവിധാനം ഉണ്ടായാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നതില്‍ മാത്രമാണ്. കാരണം രാഘവനെ സി പി എം കൂട്ടാന്‍ ഇടയില്ല. ബദല്‍ മന്ത്രിസഭയില്‍ ഐ വിഭാഗത്തോടൊപ്പം കൂടാനില്ലെന്ന് എം. വി. രാഘവന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. എങ്കിലും ഐക്യമുന്നണി സര്‍ക്കാരിനെ മറിച്ചിടാനായി ഒരുപക്ഷേ രാഘവനേയും കൂടെ കൂട്ടാമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞ് കൂടാതില്ല.

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് പ്രശ്നം അധികാര സ്ഥാനം നിലനിറുത്തുക മാത്രമാണ്. ഇപ്പോള്‍ അവര്‍ സമ്പൂര്‍ണമായി ആന്റണിയോട് കൂടെ തന്നെയാണ്. തിരുവല്ല ഉപതിരഞ്ഞെടുപ്പാണ് അതിന് പ്രധാന കാരണം. മാത്രമല്ല ഐ വിഭാഗം തിരുവല്ല തിരഞ്ഞെടുപ്പില്‍ സഹകരിയ്ക്കില്ലെന്ന് പറഞ്ഞതുകൊണ്ട് അവരോട് യോജിയ്ക്കാനും മാണിയ്ക്ക് ഇപ്പോള്‍ കഴിയില്ല. അതുകൊണ്ട് തന്ത്രപരമായ തീരുമാനം ഒന്നും ഇപ്പോള്‍ ആവശ്യമില്ല. നിയമ സഭ കൂടുമ്പോള്‍ മാണി എന്ത് തന്ത്രപരമായ തീരുമാനം എടുത്താലും ആരും അതിശയിയ്ക്കേണ്ട. ഒരുപക്ഷേ അന്ന് മുഖ്യമന്ത്രി ആന്റണിയ്ക്ക് എതിരേ വോട്ട് ചെയ്തെന്നും വരും.

മുസ്ലിം ലീഗിനാണ് ഇപ്പോഴത്തെ അവസ്ഥയില്‍ ആകെ ഉള്‍ക്കിടിലം ഉള്ളത്. കരുണാകര ശ്രമങ്ങള്‍ ഫലം കണ്ടാല്‍ വഴിയാധാരമാകാന്‍ പോകുന്നത് മുസ്ലിം ലീഗ് ആണ്. അത് എങ്ങനെയും തടയുക മാത്രമാണ് അവരുടെ ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X