മൂരാട് കൂട്ടക്കൊല: പ്രതിക്ക് വധശിക്ഷ
കോഴിക്കോട്: വടകര മൂരാട് കൂട്ടക്കൊലക്കേസിലെ പ്രതി ഇരിങ്ങല്‍ വടക്കേ പാലപുനത്തുമ്മല്‍ ബാലന്‍നായരെ (52) വധശിക്ഷയ്ക്ക് ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബി. കെമാല്‍പാഷ വിധിച്ചു. ഹൈക്കോടതിയുടെ തീര്‍പ്പിന് വിധേയമായിട്ടായിരിക്കും ശിക്ഷ നടപ്പാക്കുന്നത്.
പ്രതിക്ക് അപ്പീല്‍ നല്കാന്‍ ഒരുമാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. പ്രതി കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
മൂന്ന് വര്‍ഷത്തോളം പഴക്കമുള്ളതാണ് കേസ്. 2001 ജനവരി 10നാണ് കോട്ടക്കുന്നിലെ ചെല്ലത്തുകണ്ടി നാരായണന്‍ നായര്‍ (65), ഭാര്യ പത്മിനി (45), അയല്‍വാസി കോട്ടക്കുന്നുമ്മല്‍ സജീഷ് (25) എന്നിവര്‍ വെട്ടേറ്റുമരിച്ചത്. നാരായണന്‍ നായരുടെ അകന്ന ബന്ധുവാണ് പ്രതിയായ ബാലന്‍ നായര്‍. തന്റെ മകള്‍ക്കെതിരെ നാരായണന്‍നായരും ഭാര്യയും അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ബാലന്‍ നായര്‍ ഇവരെ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്.
നാരായണന്‍ നായരുടെ ദേഹത്ത് പതിനെട്ടും പത്മിനിയുടെ ദേഹത്ത് പതിനാറും കുത്തുകളുണ്ടായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസിയായ സജീഷിനെയും കുത്തിവീഴ്ത്തി. കേസില്‍ 25 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും 24 തൊണ്ടി സാധനങ്ങളും ഹാജരാക്കി.