ജലക്ഷാമം: 21,000 ഹെക്ടര്‍ കൃഷി നശിയ്ക്കും
പാലക്കാട്: ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് മലമ്പുഴ റിസര്‍വോയറില്‍ നിന്ന് വെള്ളം വിടുന്നത് നിര്‍ത്തിവച്ചത് ജില്ലയിലെ നെല്‍ക്കൃഷിക്ക് ഭീഷണിയാവുന്നു.
ജില്ലയിലെ 21,000 ഹെക്ടറിലെ നെല്‍കൃഷി നശിക്കുമെന്ന ആശങ്കയിലാണ്. റിസര്‍വോയറില്‍ സംഭരിച്ച വെള്ളം ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്നാണ് ജലസേചന ആവശ്യത്തിന് വെള്ളം വിടുന്നത് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് മലമ്പുഴ ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. ഗോപകുമാര്‍ വ്യക്തമാക്കി.
23.10 എംഎംസി ആയാണ് വെള്ളം താഴ്ന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണിത്. പാലക്കാട് മുനിസിപ്പിലാറ്റിയ്ക്കും ആറ് പഞ്ചായത്തുകള്‍ക്കും കുടിവെളളത്തിനായുള്ള വെള്ളം മാത്രമേ ഇപ്പോള്‍ റിസര്‍വോയറിലുള്ളൂ.
മഴ കുറഞ്ഞതിനിലാണ് ഇത്തവണ വെള്ളത്തിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. ഇപ്പോള്‍ തന്നെ ചില ഭാഗങ്ങളിലെ നെല്‍ വയലുകള്‍ വരള്‍ച്ചയെ നേരിടുകയാണ്. ആയിരക്കണക്കിന് കര്‍ഷകരെയാണ് ഈ സ്ഥിതി ബാധിക്കുക. പാലക്കാട് ജില്ലയെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാനും ദുരിതാശ്വാസമെത്തിക്കാനും കര്‍ഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ നിന്നുള്ള വെള്ളം ജനവരി 15 വരെ മാത്രമേ ലഭിക്കുകയുള്ളൂവെന്നതിനാല്‍ ചിറ്റൂര്‍പുഴയിലെ കര്‍ഷകരും ആശങ്കയിലാണ്.
ഷൊര്‍ണൂര്‍, ഒറ്റപ്പാലം പ്രദേശങ്ങലിലെ ജനങ്ങള്‍ കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ചുള്ളിയാര്‍, മീങ്കര, വാളയാര്‍ ഡാമുകളിലെയും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്.