ബിജെപിയ്ക്കെതിരെ രണ്ട് മുന്നണികള്‍ വരും
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ഇടതുപാര്‍ട്ടികളുടെ ആഭിമുഖ്യത്തിലും രണ്ട് മുന്നണികള്‍ രൂപീകരിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണെന്ന് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് പറഞ്ഞു.
രണ്ട് മുന്നണികളുടെയും ലക്ഷ്യം ഒന്നു തന്നെയാണ്- ബിജെപിയെ പരാജയപ്പെടുത്തുക. എന്നാല്‍ വ്യത്യസ്ത മുന്നണികളായിട്ടാവും തങ്ങള്‍ പ്രവര്‍ത്തിക്കുക. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ മുന്നില്‍ പ്രഥമ പരിഗണനയിലുള്ളത് - ഡിസംബര്‍ 31 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സുര്‍ജിത് വ്യക്തമാക്കി.
സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയില്‍ ഇടതു കക്ഷികള്‍ക്ക് അംഗങ്ങളാവാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക നയങ്ങളില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ അടിസ്ഥാനപരമായ വിയോജിപ്പുകളുള്ളതിനാല്‍ ഒരു മുന്നണിയില്‍ ഇരുകൂട്ടര്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാനാവില്ല. അതേ സമയം ബിജെപിയ്ക്കെതിരെ ഇടതുപാര്‍ട്ടികള്‍ മതേതര കക്ഷികളുമായി സഹകരിക്കും.
ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം സമാജ്വാദി പാര്‍ട്ടി അംഗമായ മുന്നണിയില്‍ ബിഎസ്പിയ്ക്ക് സ്ഥാനമുണ്ടാവരുതെന്നും യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധിയുമായി ചര്‍ച്ച നടത്തുന്നതിന് ജനവരി രണ്ടിന് ചെന്നൈയിലേക്ക് പോവുമെന്ന് സുര്‍ജിത് അറിയിച്ചു. ബിജെപിയ്ക്കെതിരായ രാഷ്ട്രീയസഖ്യത്തില്‍ ചേരുന്നതിന് ഡിഎംകെയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മൂന്നാം മുന്നണിയെ പുനരുജ്ജീവിപ്പിക്കുന്നതിന് ശ്രമിക്കുകയാണോ എന്ന ചോദ്യത്തിന് മറുപടിയായി എവിടെയാണ് രണ്ടാം മുന്നണി എന്ന് സുര്‍ജിത് ചോദിച്ചു. നേതൃത്വപ്രശ്നത്തെ കുറിച്ചും സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാക്കാമോ എന്ന വിഷയത്തെ കുറിച്ചും കൂടുതലൊന്നും പറയാന്‍ സുര്‍ജിത് തയ്യാറായില്ല. ഭൂരിപക്ഷം കിട്ടുന്നവരാണ് നേതാവിനെ തീരുമാനിക്കേണ്ടതെന്ന് സുര്‍ജിത് പറഞ്ഞു.
എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസുമായി മുലായം സിംഗ് യാദവ് കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആരെയെങ്കിലും കാണുന്നതില്‍ നിന്ന് ആര്‍ക്കും വിലക്കില്ലെന്നും മുന്നണി രൂപീകരിക്കാന്‍ വേണ്ടിയല്ല മുലായം ഫെര്‍ണാണ്ടസിനെ കണ്ടതെന്നും സുര്‍ജിത് പറഞ്ഞു.
ബിജെപിയ്ക്കെതിരെ നീങ്ങുന്നവരെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ എന്‍ഡിഎയില്‍ നിന്ന് ആരെയെങ്കിലും പുറത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ബിജെപി നീക്കം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നടത്തുന്നത്.
ബിഎസ്പിയുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് എന്തുകൊണ്ടു പാടില്ല എന്നായിരുന്നു സുര്‍ജിത്തിന്റെ മറുപടി.