കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി അറിവ്: പേറ്റന്റെടുക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാണി ആദിവാസികളുടെ പരമ്പരാഗത അറിവിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ച മൂന്ന് ആയുര്‍വേദ മരുന്നുകള്‍ക്ക് പേറ്റന്റ് ലഭിക്കുന്നതിനായി സംസ്ഥാന വനം വകുപ്പും ട്രോപ്പിക്കല്‍ ബോട്ടാണിഗ് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടും (ടിബിജിആര്‍ഐ) അപേക്ഷകള്‍ നല്‍കും.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആദിവാസി മേഖലകളില്‍ ഔഷധച്ചെടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയുടെ ഭാഗമായാണ് മൂന്ന് ആയുര്‍വേദ മരുന്നുകള്‍ വികസിപ്പിച്ചെടുത്തത്. അസ്ഥിസംബന്ധിയായ രോഗത്തിനുള്ള(ഓസ്റിയോ പോറോസിസ്) ഹെര്‍ബല്‍ ചായ, ചുമയ്ക്കുള്ള സിറപ്പ്, വേദനാസംഹാരിയായ ബാം എന്നിവയാണ് ഈ മരുന്നുകള്‍.

താത്കാലികമായ പേറ്റന്റിനുള്ള അപേക്ഷ അടുത്തുതന്നെ നല്‍കുമെന്ന് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എസ്. രാജശേഖരന്‍ പറഞ്ഞു. ഉത്പന്നത്തിനുള്ള പേറ്റന്റിന് അപേക്ഷ നല്‍കുന്നതിന് മുമ്പ് വിശദമായ ശാസ്ത്രീയപഠനങ്ങള്‍ നടക്കും. കാട്ടില്‍ നിന്നും തേനെടുത്ത് ശേഖരിക്കുന്നതിന് ആദിവാസികള്‍ഉപയോഗിക്കുന്ന ഉപകരണത്തിന്് ഡിസൈന്‍ പേറ്റന്റ് ലഭിക്കുന്നതിനും അപേക്ഷ നല്‍കും.

രണ്ട് വര്‍ഷത്തെ പദ്ധതിക്ക് കീഴിലായി ചോനാംപാറ, മാങ്കോട്, കൈത്തോട്, പങ്കാവ്, മുളമൂട്, ആര്യവിള, വാലിപ്പാറ, തോട്ടുപുരം, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ ഔഷധസസ്യങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കും.

ഈ പദ്ധതിയുടെ മാതൃകയില്‍ സംസ്ഥാനത്ത് മുഴുവന്‍ നടപ്പിലാക്കുന്ന ഒരു പദ്ധതിക്ക് വനം വകുപ്പ് രൂപം നല്‍കുന്നുണ്ട്. ആദിവാസി കോളനികളിലെ വനസംരക്ഷണ സമിതികള്‍ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വനം വികസന ഏജന്‍സിയുടെ സഹായം പദ്ധതിക്കായി തേടും.

ഇപ്പോഴത്തെ പദ്ധതി നടപ്പിലാക്കുന്നതിനായി കാണി ആദിവാസികളെ തിരഞ്ഞെടുത്തത് അവര്‍ക്കിടയിലുള്ള ഔഷധച്ചെടികളെ കുറിച്ചുള്ള സമ്പന്നമായ അറിവ് കണക്കിലെടുത്താണ്. വിവിധ ആവശ്യങ്ങള്‍ക്കായി കാണി ആദിവാസികള്‍ ഉപയോഗിക്കുന്ന 150ഓളം ചെടികളുടെ പട്ടിക ടിബിജിആര്‍ഐ തയ്യാറാക്കിയിട്ടുണ്ട്. ആദിവാസികളുടെ ബൗദ്ധികസ്വത്തവകാശത്തിന് അംഗീകാരം നേടുന്നതിനായി പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ ഗവേഷണ സ്ഥാപനമാണ് ടിബിജിആര്‍ഐ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X