കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ നിന്ന് നാല് പേര്‍ തിരിച്ചെത്തി

  • By Staff
Google Oneindia Malayalam News

കൊല്ലം: ഇറാഖിലെ യുഎസ് സൈനിക ക്യാമ്പിലെ നരകതുല്ല്യമായ ഒമ്പത് മാസത്തെ ജീവിതത്തിന് ശേഷം നാല് മലയാളികള്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട് ജന്മനാട്ടില്‍ തിരിച്ചെത്തി.

യുഎസ് സൈനിക ക്യാമ്പില്‍ അടുക്കള ജോലികള്‍ ചെയ്തിരുന്ന കൊല്ലം വെളിച്ചക്കാല സ്വദേശികളായ ഫൈസല്‍, ഷാജഹാന്‍, മണ്‍സൂല്‍, ഹമീദ് എന്നിവരാണ് കഴിഞ്ഞയാഴ്ച നാട്ടില്‍ തിരികെയെത്തിയത്.

ഒമ്പത് മാസം മുമ്പാണ് യുഎസ് സൈനിക ക്യാമ്പില്‍ ജോലി ചെയ്യുന്നതിനായി ഇവരെ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഇറാഖിലെത്തിച്ചത്. മോസുലിന് 70 കിലോമീറ്റര്‍ അകലെയുള്ള സൈനിക ക്യാമ്പില്‍ ജോലി ചെയ്ത ഒമ്പത് മാസക്കാലം യുദ്ധഭൂമിയില്‍ കഴിഞ്ഞതിന് തുല്ല്യമായ അനുഭവമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

മലയാളികളടക്കം ഏതാനും ഇന്ത്യക്കാര്‍ ക്യാമ്പില്‍ ജോലി ചെയ്തിരുന്നു. പലപ്പോഴും ക്യാമ്പ് എതിരാളികളുടെ മിസൈല്‍ ആക്രമണത്തിന് ലക്ഷ്യമാവാറുണ്ട്. ക്യാമ്പിന് നേരെ ആക്രമണം നടക്കുമ്പോഴൊക്കെ ഇവര്‍ ഒരു ബങ്കറില്‍ ഒളിച്ചാണ് രക്ഷപ്പെടാറുള്ളത്. ആക്രമണമുണ്ടാവുമ്പോള്‍ ബങ്കറില്‍ ഒളിക്കുന്നതിനും മറ്റും ഇവര്‍ക്ക് യുഎസ് സൈനികര്‍ പരിശീലനം നല്‍കിയിരുന്നു.

കുവൈത്തിലേക്കുള്ള വിസ നല്‍കാമെന്ന് പറഞ്ഞ് നാല് പേരില്‍ നിന്നും 80,000 രൂപ വീതം ഈടാക്കിയ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഇവരെ കബളിപ്പിക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് വിമാനത്തില്‍ കുവൈത്തിലെത്തിയ ഇവരെ ഒരു ബസില്‍ കയറ്റിവിട്ടു. ഒരു ചെക്കിംഗ് പോയിന്റില്‍ വച്ച് മറ്റൊരു ബസ്സില്‍ കയറ്റി. അപ്പോള്‍ മാത്രമാണ് തങ്ങള്‍ ഇറാഖിലെത്തിയ വിവരം അവര്‍ അറിയുന്നത്. അവര്‍ പ്രതിഷേധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കുവൈത്തിലെ ഏജന്റുമാര്‍ക്ക് തങ്ങള്‍ ഓരോ ആള്‍ക്കുമായി 45,000 രൂപ വീതം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് തങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്തേ പറ്റൂവെന്നും ഇറാഖിലെ അവരുടെ തൊഴിലുടമ വ്യക്തമാക്കി.

ബാഗ്ദാദിലെത്തിയതിന് ശേഷം തങ്ങളെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഭക്ഷണം നല്‍കി. മൂന്ന് ദിവസത്തിന് ശേഷം യാത്ര ആരംഭിച്ചു. പല ആക്രമണങ്ങള്‍ക്കും ശേഷമാണ് തങ്ങള്‍ മസൂലിലെത്തിയത്- ഫൈസല്‍ പറഞ്ഞു.

ക്യാമ്പിലെത്തി ആദ്യത്തെ ദിവസം തന്നെ ആക്രമണമുണ്ടായി. മിക്കവാറും എല്ലാ ദിവസവും ആക്രമണം പതിവായിരുന്നു. എങ്കിലും ബങ്കറുകള്‍ സുരക്ഷിതമായ ഒളിത്താവളങ്ങളാണ്. മിക്കവാറും എല്ലാ രാത്രികളിലും ക്യാമ്പിന് നേരെ ആക്രമണം നടക്കുമായിരുന്നു.

ഏപ്രില്‍ 15ന് രാത്രി ഒരു പഞ്ചാബിയുള്‍പ്പെടെ 16 പേര്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടു. ബാഗ്ദാദിലേക്ക് ഒരു ട്രക്കില്‍ പോവുന്നതിനിടെ അവരെ ഇറാഖി പോരാളികള്‍ തടഞ്ഞു. ഒരു രാത്രി മുഴുവന്‍ അവരെ തടഞ്ഞുവച്ചു. യുഎസ് സൈനിക ക്യാമ്പിലാണ് തങ്ങള്‍ ജോലി ചെയ്തിരുന്നത് എന്ന് മനസിലാക്കിയതോടെ അവര്‍ തങ്ങളെ പീഡിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ തങ്ങളുടെ കൈയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടാണുള്ളതെന്ന് മനസിലാക്കിയതോടെ അവര്‍ തങ്ങളെ വിടാന്‍ തയ്യാറായി. ഇന്ത്യയിലേക്ക് തന്നെ പൊയ്ക്കൊള്ളണമെന്ന താക്കീതോടെയാണ് അവര്‍ വിട്ടയച്ചത്.

ബാഗ്ദാദിലെത്തിയതിന് ശേഷം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നാല് പേരും മുംബൈയിലെത്തി. ഇപ്പോള്‍ ഫൈസലിന് മലയാളികള്‍ക്ക് നല്കാന്‍ ഒരു ഉപദേശമേയുള്ളൂ: യുഎസ് സൈനികര്‍ ഇറാഖ് വിട്ടുപോകുംവരെ ആരും ദയവായി ഇറാഖിലേക്ക് പോകരുത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X