കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ 75കുട്ടികള്‍ വെന്തുമരിച്ചു

  • By Staff
Google Oneindia Malayalam News

കുംഭകോണം: തമിഴ്നാട്ടിലെ കുംഭകോണത്തെ ഒരു നഴ്സറി സ്കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ 75 കുട്ടികള്‍ വെന്തുമരിച്ചതായി സ്ഥിരീകരിച്ചു. നേരത്തെ 100 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തഞ്ചാവൂരിലെ കാശിരാമന്‍ തെരുവിലെ ശ്രീകൃഷ്ണ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളില്‍ തീപ്പിടത്തമുണ്ടായപ്പോള്‍ 900 കുട്ടികള്‍ ഹാജരായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ 30 കുട്ടികള്‍ ചികിത്സയിലാണ്. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചില കുട്ടികളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ സ്കൂളിന്റെ അടുക്കളയില്‍ നിന്നുള്ള തീ പടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് കരുതുന്നു. സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് തീപ്പിടിത്തം ഉണ്ടായത്.

തീപ്പിടത്തം ഉണ്ടായ ഉടന്‍ ഹൈസ്കൂള്‍, പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. നഴ്സറി കുട്ടികള്‍ അവിടെ കുടുങ്ങുകയായിരുന്നു. ഓലമേഞ്ഞ മേല്‍ക്കൂര തീപ്പിടത്തെത്തുടര്‍ന്ന് നിലംപതിച്ചതോടെ ഈ കുട്ടികള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം അടയുകയായിരുന്നു. തീപ്പിടിത്തത്തില്‍ അഞ്ച് ക്ലാസ് മുറികള്‍ പാടെ കത്തി. പല കുട്ടികളും ശ്വാസംമുട്ടിയാണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഏതാനും അധ്യാപകരും മരിച്ചതായി പറയുന്നു.

ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ക്രെയിനിന്റെ സഹായത്തോടെ വാതിലുകള്‍ തകര്‍ത്ത് കെട്ടിടത്തില്‍ കയറിയെങ്കിലും വൈകിപ്പോയിരുന്നു. പല കുട്ടികളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് തീ അണച്ചത്.

ദുരന്തമുണ്ടായി അല്പം കഴിഞ്ഞപ്പോഴേയ്ക്കും സ്കൂള്‍മുറ്റം ഒരു വലിയ നിലവിളിയായി മാറി. ദുരന്തവാര്‍ത്തകേട്ടറിഞ്ഞ് എത്തിയ അമ്മമാരുടെ അലമുറ ഇപ്പോഴും തുടരുന്നു. തഞ്ചാവൂര്‍ പട്ടണത്തില്‍ ഉണ്ടാവുന്ന രണ്ടാമത്തെ വലിയ ദുരന്തമാണിത്. 1992ല്‍ മഹാമഹം ഉത്സവത്തോടനുബന്ധിച്ച് നടന്ന തിക്കിലും തിരക്കിലും പെട്ട് 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. തിരുച്ചിറപ്പിള്ളിയില്‍ നടന്ന തീപ്പിടിത്തത്തില്‍ 59 പേര്‍ വെന്തുമരിച്ച സംഭവമാണ് ഇതിന് മുമ്പ് ഇവിടെയുണ്ടായിട്ടുള്ള തീപ്പിടിത്തദുരന്തം.

സ്വാശ്രയബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
ജൂലൈ 16, 2004

തിരുവനന്തപുരം: സ്വാശ്രയപ്രൊഫണഷണല്‍ കോളജിലെ ഫീസ് ഘടന സംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ ഒപ്പിട്ടു. ഇതോടെ നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന അഭ്യൂഹത്തിന് വിരാമമായി.

ബില്‍ ഭരണഘടനാനുസൃതമാണെന്നും ഒപ്പിടുന്നതില്‍ തെറ്റില്ലെന്നും അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം കണക്കിലെടുത്താണ് ഭാട്യ ബില്ലില്‍ ഒപ്പിട്ടത്. നിയമം എത്രയും വേഗം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ നിയമം നിലനില്‍ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒപ്പിട്ടതിന് ശേഷം ബില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. തുടര്‍ന്ന് നിയമവകുപ്പ് ബില്ലിനെ നിയമമാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് ഉടന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് നിയമമന്ത്രി കെ. എം. മാണി അറിയിച്ചു.

നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്ന ബില്‍ പാര്‍ലമെന്റില്‍ പാസാക്കണമെങ്കില്‍ വോട്ട് ചെയ്യുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടാവണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ സഹായം തേടേണ്ടിവരും.

നിയമത്തിനെതിരെ പോരാടുമെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍. അതുകൊണ്ടുതന്നെ ബില്‍ നിയമമായെങ്കിലും സ്വാശ്രയ പ്രൊഫഷണല്‍ കോളജ് രംഗത്തെ പ്രതിസന്ധി തുടരും. ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം ക്രൈസ്തവ മാനേജ്മെന്റുകള്‍ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X