കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെന്നല റിപ്പോര്‍ട്ടുമായി ദില്ലിക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐ ഗ്രൂപ്പ് നടത്തുന്ന അച്ചടക്കലംഘനം ഗൗരവമായി കാണണമെന്ന കെപിസിസി യോഗതീരുമാനമടങ്ങുന്ന റിപ്പോര്‍ട്ടുമായി കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഫെബ്രവരി 24 വ്യാഴാഴ്ച ദില്ലിക്കു പോകും. റിപ്പോര്‍ട്ട് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കു കൈമാറും.

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഐ ഗ്രൂപ്പ് നേതാവ് കെ കരുണാകരനും ദില്ലിയിലെത്തുന്നുണ്ട്. സമാന്തരപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി ഹൈക്കമാന്‍ഡ് ഇടപെടുമെന്നാണ് സൂചന. ദില്ലിയിലെത്തുന്ന കരുണാകരനുമായും തെന്നലയുമായും ഹൈക്കമാന്റ്ചര്‍ച്ച നടത്തും. ഇതെത്തുടര്‍ന്നും ഐ ഗ്രൂപ്പ് നിലപാടില്‍ മാറ്റമുണ്ടായില്ലെങ്കില്‍ അവര്‍ക്കെതിരെ അച്ചടക്കനടപടികള്‍ കൈക്കൊള്ളാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായേക്കും.

എന്നാല്‍ അച്ചടക്കനടപടികളെ ഭയമില്ലെന്നും റാലി നടത്തുമെന്നും കരുണാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐ ഗ്രൂപ്പിനെതിരെ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ എ. കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും വ്യത്യസ്തഅഭിപ്രായങ്ങള്‍ കൈക്കൊണ്ടത് അഭിപ്രായവ്യത്യാസമായി കാണേണ്ടതില്ലെന്ന നിലപാടാണ് അംഗങ്ങള്‍ക്കുള്ളത്. ഗ്രൂപ്പിനെതിരെ നടപടി വേണ്ടെന്നു പറഞ്ഞെങ്കിലും സമാനന്തരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോട് ആന്റണിക്കും യോജിപ്പില്ല. അഭിപ്രായസമന്വയത്തിനു തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിക്കഴിഞ്ഞു.

കെ. മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനമോ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമോ നല്‍കണമെന്നാണ് കരുണാകരന്റെ ആവശ്യം. എന്നാല്‍ ഹൈക്കമാന്‍ഡ് ഇതിനു തയ്യാറാകാന്‍ സാധ്യത കുറവാണ്. മറ്റെന്തെങ്കിലും സ്ഥാനം നല്‍കി ഐ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനാകും തല്‍ക്കാലം ഹൈക്കമാന്‍ഡ് ശ്രമിക്കുക.

ഫിബ്രവരി 23 ബുധനാഴ്ച കോഴിക്കോടു നടന്ന ഗ്രൂപ്പ് യോഗത്തില്‍ ഇതുവരെ വിട്ടുനിന്ന എംഎല്‍എമാര്‍ വരെ പങ്കെടുത്തുവെന്നത് ഗ്രൂപ്പ് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നുവെന്നതിനു തെളിവാണ്. എന്നാല്‍ പാര്‍ട്ടി വിടാനുള്ള കടുത്ത തീരുമാനമുണ്ടായാല്‍ ഇവരില്‍ പലരും അതിനോടു യോജിക്കില്ലെന്നും ഉറപ്പാണ്. ഇത്തരമൊരു തീരുമാനമെടുത്ത് ഗ്രൂപ്പില്‍ പിളര്‍പ്പുണ്ടാക്കാന്‍ ഭൂരിഭാഗം അംഗങ്ങളും ആഗ്രഹിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ സമ്മര്‍ദതന്ത്രത്തിലൂടെ സ്ഥാനമാനങ്ങള്‍ നേടുകയെന്ന നിലപാടായിരിക്കും കരുണാകരനും സ്വീകരിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X