കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്ക്രീം കേസ്: കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജികള്‍ തള്ളി

  • By Staff
Google Oneindia Malayalam News

കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവും വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന പികെകുഞ്ഞാലിക്കുട്ടിക്കെതിരെ സമര്‍പ്പിച്ചിരുന്ന പൊതു താല്‍പര്യ ഹര്‍ജികള്‍ കേരള ഹൈക്കോടതി തള്ളി. ഈ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് ഫെബ്രവരി 25 വെള്ളിയാഴ്ച കോടതി വിധിച്ചു.

ഐസ്ക്രീം കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്റേതടക്കം മൂന്ന് ഹര്‍ജികളാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണം ശരിയായ ദിശയിലാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുനരന്വേഷണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് ചീഫ് ജസ്റീസ് സുഭാഷണ റെഡ്ഢിയും സിറിയക് തോമസുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിധി പ്രസ്താവിക്കുകയായിരുന്നു.

കേസിലെ മുഖ്യ സാക്ഷി റജീനയുടെ മൊഴിയുടെ വിശ്വാസ്യതയിലും കോടതി സംശയമുണര്‍ത്തി. പലപ്പോഴും മൊഴിമാറ്റുന്ന ഒരാളെ വിശ്വാസ്യത്തിലെടുക്കാനാവില്ലെന്നാണ് ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടത്.

കേസില്‍ പുനരന്വേഷണമാവശ്യപ്പെട്ട് അന്വേഷിയെന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജി തള്ളികൊണ്ട് സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അന്തിമമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കാര്യക്ഷമായ അന്വേഷണമാണ് നടന്നതെന്നും കേസില്‍ പുനരന്വേഷണമാവശ്യമില്ലെന്നും സുപ്രീം കോടതി പറഞ്ഞ സാഹചര്യത്തില്‍ പുനരന്വേഷണമെന്ന ആവശ്യത്തിന് പ്രസക്തിയില്ല.

കേസില്‍ ഒന്നിലധികം തവണ അന്വേഷണം നടത്തിയിട്ടുണ്ട്. അതിനാല്‍ ഇനി അത് നടത്തുന്നതില്‍ അര്‍ഥമില്ല. എപ്പോഴും മൊഴിമാറ്റി പറയുന്ന ഒരാളുടെ വാക്കുകള്‍ കണക്കിലെടുത്ത് അത്തരമൊരു ഉത്തരവിടാനാവില്ല. ഹര്‍ജിക്കാര്‍ക്ക് കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനായിട്ടുമില്ലെന്ന് കോടതി പറഞ്ഞു.

ഈ കേസില്‍ തങ്ങളെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ആറ് പ്രതികള്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ ജസ്റിസ് കെ പത്മനാഭന്‍ നായരുടെ വിധി കൂടി ഇനി വരാനുണ്ട.

കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന നടത്തിയ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ 2004 നവംബറില്‍ പൂര്‍ത്തിയായിരുന്നു. ഐസ്ക്രീം വിവാദത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വ്യവസായവകുപ്പു മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X