കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ.വി.വിജയന്റെ ചിതാഭസ്മത്തെ ചൊല്ലി വിവാദം

  • By Staff
Google Oneindia Malayalam News

ന്യൂഡല്‍ഹി: ഒ വി. വിജയന്റെ ചിതാഭസ്മത്തെച്ചൊല്ലി വിവാദം ഉടലെടുക്കുന്നു. ചിതാഭസ്മം എന്തുചെയ്യണം എന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഒരു ഭാഗത്ത് വിജയന്റെ ഭാര്യ തെരേസയും മറുവശത്ത് അനന്തരവന്മാരായ കാര്‍ട്ടൂണിസ്റ് രവിശങ്കറും അനുജന്‍ സൂരജുമാണ്.

ഭാര്യയെന്ന നിലയില്‍ ചിതാഭസ്മം തനിക്കു ലഭിക്കണമെന്നാണ് തെരേസ വിജയന്‍ പറയുന്നത്. ചിതയ്ക്കു തീകൊളുത്തിയവര്‍ എന്ന നിലയില്‍ ശ്രാദ്ധകര്‍മങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് സഹോദരീപുത്രന്മാരായ രവിശങ്കറും സൂരജും വാദിക്കുന്നു. ചിതാഭസ്മവും അസ്ഥികളും നിമജ്ജനം ചെയ്യുന്നതാണ് ഹൈന്ദവാചാരമെന്ന് രവിശങ്കര്‍ പറഞ്ഞു.

വിജയന്റെ ശവസംസ്ക്കാരം കഴിഞ്ഞതിനു പിറ്റേന്ന് പാലക്കാട്ടു നിന്ന് ഹൈദരാബാദിലേക്കുമടങ്ങിയ തെരേസ രവിശങ്കറിന് എഴുതി നല്‍കിയ ഒരു കുറിപ്പു മുതലാണ് തര്‍ക്കം ആരംഭിച്ചത്. വിജയന്റെ ചിതാഭസ്മം ഡിസി ബുക്സ് ഉടമയായ രവി ഡിസിയെ ഏല്‍പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു കത്ത്. ശവസംസ്ക്കാരത്തിനായി ഐവര്‍മഠത്തിലേക്കു പോകുമ്പോള്‍ ചിതാഭസ്മം സൂക്ഷിക്കുന്ന കാര്യവും വിജയന് സ്മാരകമുണ്ടാക്കുന്ന കാര്യവും രവി ഡി.സി. പറഞ്ഞിരുന്നതായി രവിശങ്കര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ക്കും വാണിജ്യതാല്‍പര്യങ്ങള്‍ക്കും വിജയന്റെ ചിതാഭസ്മം വിട്ടുകൊടുക്കില്ലെന്ന് രവിശങ്കര്‍ പറഞ്ഞു. വിജയന്‍ ജനിച്ചതും ജീവിച്ചതും ഹിന്ദുവായിട്ടാണ്. അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്തതും ഹിന്ദു ആചാരപ്രകാരമാണ്. ഗംഗയില്‍ ഒഴുക്കുന്നതോടെ മാത്രമേ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാവുകയുള്ളൂ. അത് പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും രവിശങ്കര്‍ വ്യക്തമാക്കി.

താന്‍ ഡല്‍ഹിക്കു വരുന്നുണ്ടെന്നും വിജയന്റെ ചിതാഭസ്മം തെരേസയെ ഏല്‍പിക്കണമെന്നും രവി ഡിസി ടെലിഫോണില്‍ ആവശ്യപ്പെട്ടിരുന്നതായി രവിശങ്കര്‍ പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കില്‍ മുഖ്യമന്ത്രിയെയും പോലീസ് കമ്മീഷണറെയും സമീപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് തെരേസ വിജയന്‍ തന്നോട് പറഞ്ഞതായി രവി ഡി.സി. അറിയിച്ചുവെന്ന് രവിശങ്കര്‍ പറയുന്നു. ചിതാഭസ്മം ഒഴുക്കാനാണെങ്കില്‍, അത് തെരേസയെയോ മകന്‍ മധുവിനെയോ ഏല്‍പിക്കുന്നതില്‍ വിരോധമില്ലെന്ന് രവിശങ്കര്‍ മറുപടിയും നല്‍കിയത്രെ.

എന്നാല്‍ താന്‍ ക്രിസ്ത്യാനിയായതിനാല്‍ ഭൗതികാവശിഷ്ടം തരാനാവില്ലെന്ന് രവിശങ്കര്‍ പറഞ്ഞെന്നാണ് തെരേസ പറഞ്ഞത്. ഹിന്ദു ആചാരങ്ങളില്‍ വിശ്വസിക്കാത്തതു കൊണ്ടാണ് വിജയന്റെ മകന്‍ മധു ചിതയ്ക്ക് തീകൊളുത്താന്‍ പാലക്കാട്ടു പോകാതിരുന്നതെന്നും തെരേസ പറഞ്ഞു.

ചിതയ്ക്ക് തീകൊളുത്തിക്കൊണ്ട് അന്ത്യകര്‍മങ്ങള്‍ക്ക് തുടക്കമിട്ട കുട്ടികളെ അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് വിജയന്റെ സഹോദരി ഒ.വി. ഉഷ പറഞ്ഞു. ഇങ്ങനെയൊരു വിവാദത്തില്‍ തലയിടാന്‍ തനിക്ക് ഒട്ടും ഇഷ്ടമില്ലെന്നും അവര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X