കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനശ്രമങ്ങള്‍ സംയുക്തമായി നടത്താന്‍ ഇന്ത്യാ-പാക് തീരുമാനം

  • By Staff
Google Oneindia Malayalam News

ദില്ലി: സമാധാനശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചു ശ്രമിക്കുമെന്ന് സംയുക്തപ്രസ്താവനയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫും അറിയിച്ചു.

മുഷാറഫിന്റെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനൊടുവിലാണ് ഏപ്രില്‍ 18 ഞായറാഴ്ച ദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. മുഷറഫിന്റെ സാന്നിധ്യത്തില്‍ മന്‍മോഹന്‍സിംഗാണ് പ്രസ്താവന വായിച്ചത്.

കശ്മീര്‍ പ്രശ്നപരിഹാരത്തിനായി ആത്മാര്‍ത്ഥമായി ഫലപ്രദമായ ചര്‍ച്ചകള്‍ തുടരുമെന്നും സംയുക്തപ്രസ്താവനയില്‍ അവര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തീവ്രവാദം അനുവദിക്കില്ലെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഖോക്രാപുര്‍-മൊണാബോ റെയില്‍ ബന്ധം 2006 ജനുവരി ഒന്നിന് പുനസ്ഥാപിക്കും. പൂഞ്ചില്‍ നിന്നും റാവല്‍കോട്ടിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കും. അമൃത്സര്‍-ലാഹോര്‍ ബസ് സര്‍വീസ് ആരംഭിക്കും. പാകിസ്ഥാനിലെ നന്‍കാന സാഹിബടക്കമുള്ള പലസ്ഥലങ്ങളിലേക്കും ബസ് സര്‍വീസുകള്‍ ആരംഭിക്കും. വ്യാപാരാവശ്യത്തിനായി ട്രക്കുകള്‍ക്ക് നിയന്ത്രണരേഖയ്ക്കിരുവശത്തും പ്രവേശനാനുമതി നല്‍കും.

വേര്‍പിരിക്കപ്പെട്ട് ഇരുരാജ്യങ്ങളിലും കഴിയുന്ന കുടുംബങ്ങള്‍ക്ക് നിശ്ചിത സ്ഥലങ്ങളില്‍ വച്ച് അന്യോന്യം കാണാന്‍ സൗകര്യമൊരുക്കും. മുംബൈയിലും കറാച്ചിയിലും ഈ വര്‍ഷാവസാനത്തോടെ വ്യാപാര കോണ്‍സുലേറ്റുകള്‍ തുറക്കും. ഗ്യാസ്പൈപ്പ്ലൈന്‍ പദ്ധതിയടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങളിലേയും പെട്രോളിയം വകുപ്പുമന്ത്രിമാര്‍ 2005 മെയ് മാസത്തില്‍ ചര്‍ച്ച നടത്തും.

ഇരുരാജ്യങ്ങളും സംയുക്തമായി വ്യാപാര കൗണ്‍സിലും വ്യവസായകൗണ്‍സിലും ആരംഭിക്കുമെന്ന് സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.

2004 ജനുവരി ആറിന് ഇസ്ലാമാബാദിലും 2004 സെപ്റ്റംബര്‍ 24ന് ന്യൂയോര്‍ക്കിലും വച്ചു പുറപ്പെടുവിച്ച സംയുക്തപ്രസ്താവനകളുടെ പുരോഗതി ഇരുവരും വിലയിരുത്തി. ശ്രീനഗര്‍-മുസാഫറാബാദ് ബസ് സര്‍വീസ് അട്ടിമറിക്കാനുള്ള ഭീകരശ്രമങ്ങളെ അപലപിച്ച ഇരുവരും ബസ് സര്‍വീസ് വിജയപ്രദമായി നടപ്പാക്കാനായതില്‍ സന്തോഷം രേഖപ്പെടുത്തി.

പാക് സന്ദര്‍ശനത്തിനുള്ള മുഷറഫിന്റെ ക്ഷണം താന്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അറിയിച്ചു. ഇതിനുള്ള തീയതി പിന്നീടു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X