കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി മുറവിളി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസ് പിളര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കു വേണ്ടിയുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ മുറവിളി ശക്തമാകുന്നു.

മുഖ്യമന്ത്രി രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഭരണം കാരണം സംസ്ഥാനം മാഫിയയുടെ കയ്യിലാണെന്നും വളര്‍ച്ചയുടെ കാര്യത്തില്‍ സംസ്ഥാനം പിന്നോട്ടുപോവുകയാണെന്നുമുള്ള നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര പാര്‍ട്ടിയുടെ ആരോപണത്തെ ചൂണ്ടിക്കാട്ടി സത്യം ജനങ്ങളോടു പറയാനുള്ള ഉത്തരവാദിത്വം എന്‍സിഐക്കുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കി എല്‍ഡിഎഫിനെ ഭരണത്തിലേക്കു തിരിച്ചെത്തിക്കാനുള്ള എന്‍സിഐയുടെ നീക്കം സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്കെതിരാണെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

മാറിയ രാഷ്ട്രീയസാഹചര്യങ്ങളില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് എസ് പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ ധാര്‍മികമായി അവകാശമില്ല. കോണ്‍ഗ്രസിന്റെ ശില്‍പിയായ കരുണാകരന്‍ പാര്‍ട്ടി പിളര്‍ത്തിയത് യുഡിഎഫിനെ കൂടുതല്‍ ദുര്‍ബലമാക്കും. ഒരു ഘടകകക്ഷിയായ ആര്‍എസ്പി(ഐ) നേരത്തെ യുഡിഎഫ് വിട്ടുപോയി. ഉമ്മന്‍ചാണ്ടിയുടെ കൂടെ തുടരാന്‍ താല്‍പര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ്ബ്, പിള്ള വിഭാഗങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. റാലികളിലൂടെയും കണ്‍വെന്‍ഷനിലൂടെയും പുതിയ പാര്‍ട്ടി ശക്തി തെളിയിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇത് രമേഷ് ചെന്നിത്തെല പറഞ്ഞ ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമായി കാണാനാവില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.

കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഉമ്മന്‍ചാണ്ടി ജനവിധി തേടണമെന്ന് കേരളാ കോണ്‍ഗ്രസ് ജെ നേതാവ് ടി. എം. ജേക്കബ്ബ് ആവശ്യപ്പെട്ടു. കരുണാകരന്‍ രാജി വച്ചതോടെ 2001ലെ തെരഞ്ഞെടുപ്പു ഫലം അപ്രസക്തമായിക്കഴിഞ്ഞു. പുതുതായി ജനവിധി തേടുന്നതിലൂടെ ജനങ്ങള്‍ യുഡിഎഫിനൊപ്പമോ, എല്‍ഡിഎഫിനൊപ്പമോ അതോ പുതിയ പാര്‍ട്ടിക്കൊപ്പമോയെന്ന് അറിയാന്‍ കഴിയും.

അടുത്ത തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന കോണ്‍ഗ്രസില്‍ തങ്ങള്‍ പങ്കാളികളാവില്ലെന്ന് ജേക്കബ്ബ് പറഞ്ഞു. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 10 സീറ്റു പോലും ലഭിക്കില്ല. ആന്റണിയെപ്പോലൊരു നേതാവിനെ വരെ വിമര്‍ശിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ കീഴിലുളളവര്‍ ചെയ്യുന്നത്. റാലികളും സമ്മേളനങ്ങളും നടത്തുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണ്. യുഡിഎഫിന്റെ പ്രഖ്യാപിതനയങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കുന്നത്. കേരളാ കോണ്‍ഗ്രസ് ബിയും ജെയും സാങ്കേതികമായി യുഡിഎഫിനൊപ്പമുണ്ടെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളല്ല. കരുണാകരന്റെ പുതിയ പാര്‍ട്ടിയോടുള്ള ജനങ്ങളുടെ പ്രതികരണം അടുത്ത തെരഞ്ഞെടുപ്പോടെ അറിയാന്‍ കഴിയുമെന്നും ജേക്കബ്ബ് പറഞ്ഞു.

നാഷണലിസ്റ് യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X