കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് വിട്ടവര്‍ സ്ഥാനം രാജിവക്കണം: പി.പി തങ്കച്ചന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് വിട്ടവര്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ രാജിവയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ ആവശ്യപ്പെട്ടു. മെയ് 11 ബുധനാഴ്ച യുഡിഎഫ് ഉന്നതാധികാര സമിതിയോഗത്തിനു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഘടകകക്ഷികള്‍ വിട്ടുപോയത് യുഡിഎഫിന്റെ ഐക്യത്തെ ബാധിച്ചിട്ടില്ല. പ്രശ്നങ്ങളുണ്ടാക്കിയിരുന്നവരാണ് വിട്ടുപോയത്. ഇത് യുഡിഎഫിന്റെ ഐക്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് വിട്ടുപോയവര്‍ ചില സ്ഥാനമാനങ്ങള്‍ക്കു വേണ്ടി മാത്രമാണ് യുഡിഎഫ് ഉപേക്ഷിച്ചത്. അല്ലാതെ ആദര്‍ശത്തിന്റെ പേരിലല്ല. ഇവര്‍ക്ക് ജനപിന്തുണയുണ്ടെന്നു തെളിയിക്കാന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുകയാണ് വേണ്ടത്.

അച്ചടക്കലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നതു ശരിയല്ല. അച്ചടക്കത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നോര്‍ക്കണം.

മുഖ്യമന്ത്രിക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനുളള ശ്രമങ്ങളെ യുഡിഎഫ് ഒറ്റക്കെട്ടായി എതിര്‍ക്കും. എം. പി. ഗംഗാധരന്‍ അഴിമതിയാരോപണങ്ങള്‍ രേഖാമൂലം തെളിവുസഹിതം എഴുതിത്തന്നാല്‍ അതെപ്പറ്റി യുഡിഎഫ് അന്വേഷണം നടത്തും. ഏതെങ്കിലും വിധത്തില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോകാനാണ് ഗംഗാധരന്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

യുഡിഎഫിന്റെ നാലാം വാര്‍ഷികമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടനുബന്ധിച്ച ആഘോഷപരിപാടികളെപ്പറ്റി മെയ് 24ന് കോവളത്തു നടക്കുന്ന മുഴുവന്‍ സമയ യുഡിഎഫ് യോഗത്തില്‍ തീരുമാനിക്കും. സര്‍ക്കാരിന്റെ അടുത്ത ഒരു വര്‍ഷത്തെ പദ്ധതികളെപ്പറ്റി തീരുമാനിക്കാന്‍ എം. എം. ഹസന്‍ കണ്‍വീനറായി ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ബാബു ദിവാകരന്‍, രാജന്‍ പോള്‍ തുടങ്ങിയവരും കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും.

ജെഎസ്എസിന്റെയും സിഎംപിയുടെയും പരാതികള്‍ മെയ് 17,18 തീയതികളില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും. കേരളാകോണ്‍ഗ്രസ് മാണി ഗ്രൂപ്പും ചില പരാതികള്‍ എഴുതി മുഖ്യമന്ത്രിക്കു നല്‍കിയിട്ടുണ്ട്. ഇതെപ്പറ്റിയും ചര്‍ച്ച ചെയ്യും.

ആര്‍എസ്പിയിലെ താമരാക്ഷന്‍ യുഡിഎഫ് വിടുകയാണെന്ന് കത്തു നല്‍കിയിട്ടുണ്ടെങ്കിലും ഷിബു ബേബി ജോണ്‍ യുഡിഎഫ് വിട്ടിട്ടില്ല. തന്നെ മുന്നണിയിലുള്‍പ്പെടുത്തണമെന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജി. ദിനകരന്റെ കേരളജനതാപാര്‍ട്ടിയും യുഡിഎഫില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും മെയ് 24ന് ചേരുന്ന യുഡിഎഫ് യോഗം പരിഗണിക്കും. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിളളയും ഈ യോഗത്തില്‍ പങ്കെടുക്കുമെന്നും തങ്കച്ചന്‍ അറിയിച്ചു.

നാലുമാസത്തെ ഇടവേളക്കു ശേഷമാണ് യുഡിഎഫിന്റെ ഉന്നതാധികാരസമിതി യോഗം ചേര്‍ന്നത്. ധനമന്ത്രി വക്കം പുരുഷോത്തമന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X