എ. കെ. ആന്റണി രാജ്യസഭയിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കെ.കരുണാകരന്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചു. ഏവരുടെയും കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് കെപിസിസിയുടെ ആറംഗപാനല്‍ തള്ളിയാണ് ഹൈക്കമാന്റ് ആന്റണിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷം സോണിയാഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ആന്റണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. സോണിയ തീരുമാനം ആന്റണിയെ വിളിച്ചറിയിക്കുകയും ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കാമെന്ന് ആന്റണിയും വ്യക്തമാക്കുകയും ചെയ്തു.

കെപിസിസി ഹൈക്കമാന്റിന് സമര്‍പ്പിച്ച ആറംഗ പാനലില്‍ ആന്റണിയുടെ പേരുണ്ടായിരുന്നില്ല. കെ.പി.ഉണ്ണികൃഷണന്‍, വി.എസ്. ശിവകുമാര്‍, പി.സി. ചാക്കോ, സി.എന്‍. ബാലകൃഷ്ണന്‍, കെ.സി.രാജന്‍, തലേക്കുന്നില്‍ ബഷീര്‍ എന്നിവരുടെ പേരുകളായിരുന്നു പട്ടികയില്‍. ഇതില്‍ വി.എസ്. ശിവകുമാറോ കെ.പി.ഉണ്ണികൃഷ്ണനോ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അപ്രതീക്ഷിതമായി ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഹൈക്കമാന്റ് തീരുമാനം കൈകൊള്ളുകയായിരുന്നു. സ്ഥാനാര്‍ഥിയാവുന്നതിനോട് ആന്റണി ആദ്യം വിയോജിപ്പ് പ്രകടിപ്പിക്കുകയും എന്നാല്‍ സോണിയ ഇടപെട്ടതോടെ സമ്മതം മൂളുകയും ചെയ്തുവെന്നാണ് അറിയുന്നത്.

അടുത്ത ആഴ്ച നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ എ.കെ. ആന്റണിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇതുമുന്നില്‍ കണ്ടാണ് സോണിയ ആന്റണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആന്റണിയെ ഉള്‍പ്പെടുത്തുന്നതിലൂടെ കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന് മികച്ച പ്രാതിനിധ്യവും ലഭിക്കും.

ആന്റണിയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിച്ച കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ എതിര്‍പ്പിനെ മയപ്പെടുത്താമെന്ന കണക്കുകൂട്ടലും ഹൈക്കമാന്റിനുമുണ്ട്. ആന്റണിയുടെ സ്ഥാനാര്‍ഥിത്വത്തെ മാണിഗ്രൂപ്പ് എതിര്‍ക്കില്ലെന്ന് ഹൈക്കാന്റിന് ബോധ്യമുണ്ട്.

ജൂണ്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ്. മെയ് 24 ചൊവാഴ്ചയാണ് രാജ്യസഭാ സീറ്റീല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്