ഹൈക്കമാന്റ് തീരുമാനം അപ്രതീക്ഷിതം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എ. കെ. ആന്റണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാനുള്ള ഹൈക്കമാന്റ് തീരുമാനം ആന്റണിയെയും കെപിസിസി നേതൃത്വത്തെയും ഒരു പോലെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഹൈക്കമാന്റ് നല്‍കിയ ആറംഗ പാനല്‍ തള്ളി ആന്റണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാനുള്ള ഹൈക്കമാന്റ് തീരുമാനം കണക്കുകൂട്ടലുകളെ മുഴുവന്‍ തെറ്റിച്ചു.

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതിനു ശേഷം ദില്ലിയിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റുന്നതിന് പലവട്ടം ക്ഷണമുണ്ടായെങ്കിലും അതിനോട് താത്പര്യം പ്രകടിപ്പിക്കാതിരുന്ന ആന്റണി തന്നെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാന്‍ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഒട്ടും കരുതിയിരുന്നില്ല. ജീവിതത്തില്‍ പലതും നാടകീയമാണെന്നും ഇതും ഓര്‍ക്കാപ്പുറത്ത് വന്നതാണെന്നുമായിരുന്നു ഹൈക്കമാന്റ് തീരുമാനം അറിഞ്ഞതിനു ശേഷം ആന്റണിയുടെ പ്രതികരണം.

ഹൈക്കമാന്റിന്റെ തീരുമാനമായതോടെ തിങ്കളാഴ്ച രാത്രി 10 മണിക്കാണ് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അക്കാര്യമറിയിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കെപിസിസി അയച്ച പാനലില്‍ തന്റെ പേരുണ്ടായിരുന്നില്ലെന്നും സമാനമായ സ്ഥിതിയാണ് ഇത്തവണയുമുണ്ടായിട്ടുള്ളതെന്നും ഇത്തരം കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കുന്നത് എഐസിസിയാണെന്നും തെന്നല വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് ദില്ലിയില്‍ നിന്നും ആന്റണിക്ക് അറിയിപ്പ് വന്നിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാവുന്നതിന് താത്പര്യമില്ലെന്നാണ് തന്നെ വിളിച്ച എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനോട് ആന്റണി പറഞ്ഞത്. ഒടുവില്‍ സോണിയാഗാന്ധി ആന്റണിയെ വിളിച്ച് സംസാരിച്ചതോടെ തീരുമാനം അംഗീകരിക്കാന്‍ ആന്റണി നിര്‍ബന്ധിതനായി.

ആന്റണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം സീറ്റ് പ്രതീക്ഷയുണ്ടായിരുന്ന നേതാക്കളെ നിരാശപ്പെടുത്തി. ആന്റണി തന്നെ നിര്‍ദേശിച്ച ചില നേതാക്കളുള്‍പ്പെട്ട പാനല്‍ തള്ളിയാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്