ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യും

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: അഴീക്കോട്, കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ടുചെയ്യുമെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വെങ്കയ്യനായിഡു പഞ്ഞു.

ചെറായിയില്‍ ചേര്‍ന്ന ബിജെപിയുടെ ചിന്തന്‍ ബൈഠക്കിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെങ്കയ്യ നായിഡു ഇക്കാര്യമറിയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതു സംബന്ധിച്ച് മറ്റൊരു നിര്‍ദേശവും ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ വേണ്ടിയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് സിപിഎം വിശദമാക്കണം.

കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ സംസ്ഥാനത്തെ പിന്നോട്ടേയ്ക്ക് നയിക്കുകയാണ്. ന്യൂനപക്ഷ പ്രീണനം നടത്തുന്ന ഇരുമുന്നണികളും ഒന്നാകുന്നതാണ് നല്ലത്. വര്‍ഗീയതയെ എതിര്‍ക്കുന്നുവെന്ന പേരില്‍ ഇരുമുന്നമികളും ഇവിടെ നടത്തുന്നത് ന്യൂനപക്ഷപ്രീണനമാണ്. ഇവിടത്തെ ഭൂരിപക്ഷ സമൂഹത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്.

ചെറു പാര്‍ട്ടികളേയും വ്യക്തികളേയും കൂടെ നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് തന്ത്രമായിരിക്കും കേരളത്തില്‍ ബിജെ-പി ഇനി ആവിഷ്കരിക്കുക. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തിലുള്ള ധാരണകളിലൂടെ ബിജെപി ശക്തി തെളിയിക്കും.

കരുണാകരന്‍ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് ഒരു സമുദായത്തിന്റെ മാത്രം സംഘടനയായി തീര്‍ന്നിരിക്കുകയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ ധനാഢ്യര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും നായിഡു പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിലുള്ള ഭിന്നതകളെ പറ്റി ചിന്തന്‍ ബൈഠക് ചര്‍ച്ച ചെയ്തില്ലെന്ന് നായിഡു പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്