ആറ് ജില്ലകളില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നേക്കില്ല

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആറ് ജില്ലാ പഞ്ചായത്തുകളിലും ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളിലും 28 ഗ്രാമപഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലും സപ്തംബറില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കില്ല. ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പെടുന്ന വാര്‍ഡുകളുടെ പുനര്‍നിര്‍ണയം സംബന്ധിച്ച് ഇതുവരെ തദ്ദേശസ്വയംഭരണ വകുപ്പ് അന്തിമതീരുമാനത്തിലെത്തിയിട്ടില്ല എന്നതിനാലാണിത്.

വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കേണ്ട അവസാന തീയതി മെയ് 31 ആണ്. ഇതുസംബന്ധിച്ച പ്രക്രിയ വേഗത്തിലാക്കാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ അഞ്ച് ദിവസം മാത്രം ഇനി ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ വിജ്ഞാപനം മെയ് 31നുള്ളില്‍ പുറപ്പെടുവിക്കാനിടയില്ല.

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലും നെയ്യാറ്റിന്‍കര, കുന്ദംകുളം, പൊന്നാനി, കൊയിലാണ്ടി, തലശേരി, തളിപ്പറമ്പ് മുനിസിപ്പാലിറ്റികളിലും ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളിലും 28 ഗ്രാമപഞ്ചായത്തുകളിലുമാണ് വാര്‍ഡുകളുടെ പുനര്‍നിര്‍ണയം പൂര്‍ത്തിയാവാത്തത്. മെയ് 31നുള്ളില്‍ പുനര്‍നിര്‍ണയം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കില്‍ ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സപ്തംബറില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല.

ആഗസ്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നതിനാല്‍ പുതിയ വാര്‍ഡുകള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതും വാദം കേട്ടതിനു ശേഷം അന്തിമതീരുമാനം കല്പിക്കുന്നതും അതിന് മുമ്പ് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മെയ് 31നുള്ളില്‍ പുനര്‍നിര്‍ണയം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അതുകൊണ്ടുതന്നെ സപ്തംബറില്‍ തിരഞ്ഞെടുപ്പ് നടത്തുക സാധ്യമല്ല.

തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷം ജനവരിയില്‍ മാത്രമേ തിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യതയുള്ളൂ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്