രാജ്യസഭ: ഇടതുമുന്നണിയില്‍ മുറുമുറുപ്പ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനെ ചൊല്ലി ഇടതുമുന്നണിയില്‍ മുറുമുറുപ്പുയരുന്നു. സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന സിപിഎം തീരുമാനത്തിനെതിരെ ഘടകകക്ഷികള്‍ രംഗത്തെത്തി.

സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനെ കുറിച്ച് പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞപ്പോള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതില്‍ ഒരു ദുരൂഹതയുമില്ലെന്നും മുമ്പും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം എല്‍ഡിഎഫില്‍ ആലോചിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേ സമയം സിപിഎം നിലപാടിനെതിരെ ഘടകകക്ഷികളായ സിപിഐയും ആര്‍എസ്പിയും കേരള കോണ്‍ഗ്രസ് സെക്യുലറും രംഗത്തുവന്നിട്ടുണ്ട്. അനൗപചാരിക ചര്‍ച്ച പോലും നടത്താതെ തീരുമാനം കൈകൊണ്ടത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതില്‍ ഇടതുമുന്നണിക്ക് തെറ്റുപറ്റിയെന്ന് കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി. സി. ജോര്‍ജ് പറഞ്ഞു. ഈ പ്രശ്നത്തില്‍ സിപിഎമ്മിന്റെ നിലപാട് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി. ജെ. ചന്ദ്രചൂഡന്‍ അഭിപ്രായപ്പെട്ടു.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന തന്റെ പ്രസ്താവന വിലകല്പിക്കപ്പെടാതെ പോയതിലുള്ള അമര്‍ഷം വി. എസും പ്രകടിപ്പിച്ചു. ദയനീയമായി തോല്‍ക്കുമെന്ന് ഉറപ്പുള്ള അവസരത്തില്‍ പോലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയ കീഴ്വഴക്കമാണുള്ളതെന്നും സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനെ കുറിച്ച് പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്