ഉപേന്ദ്രവര്‍മയെ നീക്കാന്‍ സാധ്യത

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പി. ഉപേന്ദ്രവര്‍മ്മയെ നീക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നീക്കം നടത്തുന്നതായി അറിയുന്നു.

ഉപേന്ദ്രവര്‍മ നടത്തിയ പത്രസമ്മേളനത്തിലെ പരാമര്‍ശങ്ങളെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റവന്യു വകുപ്പിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതെന്നും പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്ലിന്‍ കേസില്‍ വൈദ്യുതി ബോര്‍ഡ് ചില ഫയലുകള്‍ വിട്ടുതരുന്നില്ലെന്നുമുള്ള ഉപേന്ദ്രവര്‍മയുടെ പ്രസ്താവനകള്‍ക്ക് കഴിഞ്ഞ ദിവസം പരസ്യമായി മറുപടി പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തെ നീക്കാനുള്ള തീരുമാനത്തിലാണെന്നാണ് അറിയുന്നത്.

വിജിലന്‍സിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്താതിരുന്നത് ഉപേന്ദ്രവര്‍മ്മയുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിലാണെന്നും സൂചനയുണ്ട്. മുഖ്യമന്ത്രിക്കു പകരം ചീഫ് സെക്രട്ടറി പാലാട്ട് മോഹന്‍ദാസാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്താത്തതിനെ തുടര്‍ന്ന് രണ്ട് ദിവസത്തെ സമ്മേളനം ഒരു ദിവസമായി ചുരുക്കി അവസാനിപ്പിച്ചു. വിജിലന്‍സ് വകുപ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന അവലോകനവും അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനരേഖ തയ്യാറാക്കലും ഇതോടെ അവതാളത്തിലായി.

മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥമാണ് മെയ് 26, 27 തീയതികളിലായി സമ്മേളനം നടത്താന്‍ നിശ്ചയിച്ചത്. എന്നാല്‍ ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന മുഖ്യമന്ത്രി സമ്മേളനത്തിനെത്താതെ കണ്ണൂരിലേക്ക് തിരിച്ചു.

വെള്ളിയാഴ്ച കണ്ണൂരില്‍ നിന്ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയോട് രണ്ടാം ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ഉപേന്ദ്രവര്‍മ ഫോണില്‍ അഭ്യര്‍ഥിച്ചെങ്കിലും മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് സമ്മേളനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്