വാര്‍ഡ് പുനര്‍നിര്‍ണയം: നിര്‍ദേശങ്ങള്‍ക്കുള്ള സമയപരിധി നീട്ടി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വാര്‍ഡ് പുനര്‍നിര്‍ണയം സംബന്ധിച്ച നിര്‍ദേശം നല്‍കാനുള്ള സമയപരിധി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീട്ടി. വാര്‍ഡ് പുനര്‍നിര്‍ണയം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി മെയ് 31 ചൊവാഴ്ച അവസാനിക്കേണ്ടതായിരുന്നു.

ബ്ലോക്ക് പഞ്ചായത്തുകളില്‍ നിര്‍ദേശം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ചാണ് നിര്‍ദേശം സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയത്. പുതുക്കിയ തീരുമാന പ്രകാരം ബ്ലോക്ക് പഞ്ചായത്തുകളിലെ നിര്‍ദേശങ്ങള്‍ ജൂലൈ അഞ്ചു വരെ സ്വീകരിക്കും. അന്തിമ പട്ടിക 15ന് പ്രസിദ്ധീകരിക്കും. ജില്ലാ പഞ്ചായത്തുകളെ സംബന്ധിച്ച് ഇത് യഥാക്രമം ജൂലൈ 18ഉം 25 ഉം ആണ്. അതിനു ശേഷമാകും തെളിവെടുപ്പുകള്‍ നടക്കുക.

എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്താനുള്ള സമയപരിമിതി കണക്കിലെടുത്ത് നാല് കേന്ദ്രങ്ങളിലാകും വാര്‍ഡ് പുനര്‍നിര്‍ണയ കമ്മിഷന്റെ തെളിവെടുപ്പ് നടക്കുക. ഇതിനുള്ള സമയവും തീയതിയും കമ്മിഷന്‍ താമസിയാതെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസ് അറിയിച്ചു.

വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട് ഇതുവരെ പുനര്‍നിര്‍ണയ കമ്മിഷന് 6661 നിര്‍ദേശങ്ങളാണ് ലഭിച്ചത്. 979 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 6125ഉം 47 മുനിസിപ്പാലിറ്റികളില്‍ നിന്നും 411ഉം നാല് കോര്‍പ്പറേഷനുകളില്‍ നിന്ന് 115 ഉം പരാതികളാണ് ലഭിച്ചത്. നിര്‍ദേശങ്ങളിലും ആക്ഷേപങ്ങളിലും തെളിവെടുപ്പ് നടത്തിയാകും വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുക.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടത്താനാണ് തെരഞ്ഞെടുപ്പുകമ്മീഷന്റെ തീരുമാനം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്