സംസ്ഥാനത്തിന് 41,709 കോടി കടബാധ്യത: വക്കം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 41,709 കോടിയാണെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു. 2004-2005 സാമ്പത്തിക വര്‍ഷത്തില്‍ റവന്യൂ വരവില്‍ വര്‍ധനവുണ്ടായെന്നും കടത്തിന്റെ വളര്‍ച്ചയില്‍ പത്തുവര്‍ഷത്തെ കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ധനവകുപ്പിന്റെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു വക്കം.

2004-05 സാമ്പത്തിക വര്‍ഷത്തെ ഏകദേശ കണക്കുകള്‍ പ്രകാരം കടത്തിന്റെ വളര്‍ച്ച 11.37 ശതമാനം മാത്രമാണ്. പത്ത് വര്‍ഷത്തില്‍ കുറവാണിത്. ഇടതുമുന്നണി സര്‍ക്കാര്‍ ഭരിച്ച 1999-2000 കാലയളവില്‍ കടത്തിന്റെ വളര്‍ച്ച 28.5 ശതമാനവും 2000-01ല്‍ 18.55 ശതമാനവുമായിരുന്നു. ആന്റണി സര്‍ക്കാര്‍ നിലവില്‍ വന്ന 2001-02 വര്‍ഷത്തില്‍ 12.67, 2002-03ല്‍ 15.25, 2003-04ല്‍ 20.58 എന്നിങ്ങനെയാണ് കടത്തിന്റെ തോത്.

ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 41,709 കോടി രൂപയാണ്. ഇടതുമുന്നണി സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ ഇത് 23,918 കോടിയായിരുന്നു. റവന്യൂവരുമാനത്തില്‍ 2004-05 സാമ്പത്തികവര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 1053.36 കോടിയുടെ നേട്ടമുണ്ടായി.

ട്രഷറി നിയന്ത്രണങ്ങളില്‍ ഏറെക്കുറെ ഇളവ് നല്കാനായെങ്കിലും മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ചില അധികചിലവുകള്‍ സര്‍ക്കാറിന് നേരിടേണ്ടി വന്നതായി ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ നിന്നും വ്യത്യസ്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിവിഹിതം ചിലവഴിക്കുന്നതിന് രണ്ട് മാസം സമയം നല്കിയതും ഇതില്‍ ഉള്‍പ്പെടും.

കടത്തിന്റെ പലിശയിനത്തില്‍ കൂടുതല്‍ ചിലവും സര്‍ക്കാരിന് നേരിടേണ്ടി വന്നു. 2005-06 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം 266.42 കോടി എന്ന കണക്കില്‍ ഏകദേശം 3196.97 കോടി രൂപ ഈയിനത്തില്‍ തിരിച്ചടയ്ക്കേണ്ടി വരും. എന്നാല്‍ എപ്രില്‍, മേയ് മാസങ്ങളില്‍ ഈയിനത്തില്‍ 841.7 കോടി രൂപ തിരിച്ചടയ്ക്കാന്‍ സര്‍ക്കാറിനായതായും രണ്ട് മാസത്തില്‍ 308 കോടി രൂപയാണ് സര്‍ക്കാറിന് അടയ്ക്കാനായത്.

സര്‍ക്കാര്‍ എടുക്കുന്ന കടത്തിന് പലിശ കൂടുതലാണെന്ന വാദം അസത്യമാണ്. അടുത്തിടെ 5.8 ശതമാനമെന്ന വളരെ കുറഞ്ഞ പലിശയ്ക്ക് വരെ പണം കടമെടുക്കാന്‍ സര്‍ക്കാറിനായി. ഇങ്ങനെ പണമെടുത്ത് കൂടുതല്‍ പലിശയുടെ മുന്‍കടം തിരിച്ചടച്ചതിലൂടെ ലാഭമുണ്ടാക്കാനും സര്‍ക്കാരിനായി.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കാണ് വരുമാനത്തില്‍ 92 ശതമാനവും ചിലവഴിക്കപ്പെടുന്നത്. വികസനപ്രവര്‍ത്തനത്തിന് പണം മറ്റു മാര്‍ഗങ്ങളിലൂടെ കണ്ടെത്തേണ്ടതുണ്ട്. ബജറ്റ് വിഹിതത്തേക്കാള്‍ ഏറെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നതിനാല്‍ വരവിനേക്കാള്‍ ചിലവേറുമെന്നും വക്കം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്