എന്‍സിഐ അധികാരത്തിലെത്തും: കരുണാകരന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര നയിക്കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കെ. കരുണാകരന്‍ പറഞ്ഞു. ജൂണ്‍ ഒന്ന് ബുധനാഴ്ച തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് ഇന്ദിരയുടെ പതാക ദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോജിക്കേണ്ടവരോട് യോജിക്കുകയും മുട്ടാവുന്നവരോട് മുട്ടുകയും ചെയ്യുന്ന പാര്‍ട്ടിയാണ് എന്‍സിഐ. ചേരേണ്ടവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് ചേര്‍ത്തലയില്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. യഥാര്‍ത്ഥ കോണ്‍ഗ്രസ് ആരുടേതെന്ന് അപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും.

കോണ്‍ഗ്രസെന്നാല്‍ ഉമ്മന്‍ചാണ്ടിയുടേയും എ.കെ.ആന്റണിയുടേയും കോണ്‍ഗ്രസല്ല, പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നയങ്ങള്‍ ജനവിരുദ്ധമാണ്. ഉമ്മന്‍ ചാണ്ടി ഭരണത്തെ താഴെ ഇറക്കുകയാണ് പ്രധാന ലക്ഷ്യം .

കോണ്‍ഗ്രസ് പിളരാനുള്ള കാരണം തന്റെ പുത്ര സ്നേഹമാണെന്ന ആരോപണം ശരിയല്ല. നേതൃത്വത്തിന്റെ സമീപനമാണ് കോണ്‍ഗ്രസിനെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് കരുണാകരന്‍ പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി-മുസ്ലീം ലീഗ്-ബിജെപിസഖ്യത്തെയാകും നേരിടേണ്ടി വരികയെന്ന് ചടങ്ങില്‍ പങ്കെടുത്ത എന്‍സിഐ പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.

കൂത്തുപറമ്പ്, അഴിക്കോട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കളുമായി ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. 2006ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും തിരുവനന്തപുരത്തും ബിജെപിയെ കോണ്‍ഗ്രസ് സഹായിക്കും. പകരം മറ്റ് 138 മണ്ഡലത്തിലും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിനു നല്‍കും. ഇത്തരമൊരു ധാരണയാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടാക്കിയെന്നും മുരളി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്