ബിസിസിഐ യോഗം പ്രക്ഷുബ്ധമായേക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് നല്‍കിവരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തിവക്കാനുള്ള തീരുമാനമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജൂണ്‍ രണ്ട് വ്യാഴാഴ്ച തിരുവനന്തപുരത്തു തുടങ്ങുന്ന ബിസിസിഐ യോഗത്തെ പ്രക്ഷുബ്ധമാക്കിയേക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായുള്ള ഗ്രെഗ് ചാപ്പലിന്റെ നിയമനത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കാനാണ് രണ്ടുദിവത്തെ ബിസിസിഐ യോഗം ചേരുന്നതെങ്കിലും മറ്റു പ്രശ്നങ്ങളും യോഗം ചര്‍ച്ച ചെയ്തേക്കും.

ബിസിസിഐയെ കേസുകളുള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങളിലേക്ക് വലിച്ചിഴച്ചതിനാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനുള്ള സഹായം നിര്‍ത്തിവക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ബിസിസിഐ മുന്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസ്, ബിസിസിഐ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ത്യാഗരാജ ക്രിക്കറ്റ് ക്ലബ്ബ്, നേതാജി ക്രിക്കറ്റ് ക്ലബ് എന്നിവ നല്‍കിയിരിക്കുന്ന കേസുകള്‍ എന്നിവയും യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങള്‍, വനിതാ-പുരുഷക്രിക്കറ്റ് ബോര്‍ഡുകളുടെ ലയനം, ടെലിവിഷന്‍ സംപ്രേഷണാവകാശം തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.

അന്തര്‍ദേശീയ സ്പോര്‍ട്സ് ഇനങ്ങള്‍ക്ക് നികുതിയിളവു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ അടുത്ത വര്‍ഷം ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഇന്ത്യയില്‍ വച്ചു നടത്തുന്ന കാര്യത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.ഇന്ത്യയുടെ സിംബാംബ്വെ പര്യടനവും ഇന്ത്യയില്‍ കളിക്കാനുള്ള ശ്രീലങ്കയുടെ നിര്‍ദേശവും ഇന്ത്യയുടെ പാക് പര്യടനവും യോഗത്തിലെ ചര്‍ച്ചാവിഷയങ്ങളാണ്.

24 വര്‍ഷത്തിനു ശേഷം തിരുവനന്തപുരത്തു ചേരുന്ന ബിസിസിഐ യോഗത്തില്‍ ബിസിസിഐ പ്രസിഡന്റ് രണ്‍ബീര്‍ സിംഗ് മഹേന്ദ്ര, സെക്രട്ടറി എസ്.കെ നായര്‍ എന്നിവരുള്‍പ്പെടെയുള്ള പല പ്രമുഖരും പങ്കെടുക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്