ആഗസ്ത് ഒന്നുമുതല്‍ എച്ച്ഐവി ബാധിതരുടെ കണക്കെടുക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആഗസ്ത് ഒന്നു മുതലുളള മൂന്നുമാസക്കാലം സംസ്ഥാനത്ത് എയ്ഡ്സ് ബാധിതരുടെ കണക്കെടുക്കുമെന്ന് കേരളാസ്റേറ്റ് എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ജോയ് ജോസഫ് പറഞ്ഞു.

എച്ച്ഐവി ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധനവു കണക്കാക്കാന്‍ രക്തബാങ്കുകളില്‍ നിന്നും എയ്ഡ്സ് പരിശോധനാ കേന്ദ്രങ്ങള്‍, കൗണ്‍സിലിംഗ് സെന്റര്‍, ലൈംഗികരോഗ ചികിത്സാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഇതുകൂടാതെ ഗര്‍ഭിണികളായ സ്ത്രീകളുടെ രക്തം പരിശോധിക്കുന്ന ആശുപത്രികളില്‍ നിന്നും ക്ലിനിക്കുകളില്‍ നിന്നും പരിശോധനാറിപ്പോര്‍ട്ട് സംഘടിപ്പിക്കും. ഇത്തരം കണക്കുകളിലൂടെ എച്ച്ഐവി ബാധിതരെപ്പറ്റിയും അവരുടെ എണ്ണത്തിലുള്ള വര്‍ധനവിനെപ്പറ്റിയും ഏകദേശ കണക്ക് ലഭ്യമാകും.

2003ല്‍ സംസ്ഥാനത്തെ ആകെ ജനസംഖ്യയായിരുന്ന മൂന്നുകോടിയില്‍ 0.25 ശതമാനം ആളുകള്‍ എച്ച്ഐവിബാധിതരാണെന്നു കണ്ടെത്തിയിരുന്നു. 2004ല്‍ ഇത് 0.33 ശതമാനമായി വര്‍ദ്ധിച്ചു. ഇപ്പോള്‍ എച്ച്ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത കൂടുതലായുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ദേശീയ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എച്ച്ഐവി ബാധിതര്‍ക്ക് സൗജന്യമായി ആന്റി റിട്രോവൈറന്‍ തെറാപ്പി നല്‍കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ ഇത്തരം അഞ്ച് തെറാപ്പി സെന്ററുകളുണ്ട്.

എയ്ഡ്സ് നിയന്ത്രണസൊസൈറ്റിയുടെ കീഴില്‍ 15 താല്‍ക്കാലിക എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളും കൗണ്‍സിലിംഗ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഈ സെന്ററുകളില്‍ നടത്തിയ പരിശോധനകളില്‍ 887ളം കേസുകള്‍ എച്ച്ഐവി പോസറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മാതാപിതാക്കളില്‍ നിന്നും കുട്ടികള്‍ക്ക് എയ്ഡ്സ് പകരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് ഇപ്പോള്‍ സൊസൈറ്റി കൂടുതലായും നടത്തുന്നത്. എയ്ഡ്സ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് തക്കസമയത്ത് മരുന്നു നല്‍കിയാല്‍ കുട്ടികള്‍ക്ക് എച്ച്ഐവി ബാധിക്കാനുള്ള സാധ്യത 35ല്‍ നിന്നും അഞ്ച് ശതമാനം വരെ കുറക്കാമെന്നും സൊസൈറ്റി ജോസഫ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്