മലയാളി സ്ത്രീകള്‍ ഗള്‍ഫില്‍ പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വീട്ടുജോലിക്കായി ഗള്‍ഫ് നാടുകളിലെത്തിക്കുന്ന മലയാളി യുവതികളിലേറെയും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായി സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് ലഭിച്ചു. ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ എംഎല്‍എമാരുടെ സംഘമാണ് ഈ റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നത്.

വീട്ടുവേലക്കായി കൊണ്ടുവരുന്ന സ്ത്രീകള്‍ പീഡനത്തിനിരയാകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ 30 വയസില്‍ താഴെയുളള സ്ത്രീകളെ വിദേശത്ത് വീട്ടുജോലിക്ക് അയയ്ക്കുന്നത് നിയമം മൂലം നിരോധിച്ചിരുന്നു. ഈ നിയമം കാറ്റില്‍പറത്തി പ്രതിവര്‍ഷം ആറായിരത്തിലേറെ യുവതികളെ കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്തുന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. ഇവരില്‍ ഭൂരിഭാഗവും അനാശ്യാസവൃത്തിക്ക് നിര്‍ബന്ധിക്കപ്പെടുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ ജോലി വാഗ്ദാനങ്ങളില്‍ കുടുങ്ങി അനാശാസ്യവൃത്തിയിലേര്‍പ്പെടേണ്ടി വന്ന ഏതാനും മലയാളിയുവതികളെ ഗള്‍ഫിലെ സന്നദ്ധസംഘടനകളുടെ സഹായത്തോടെ പ്രവാസികാര്യവകുപ്പ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചിരുന്നു. കുടുംബജീവിതം പ്രശ്നത്തിലാകുമെന്ന ഭയത്തില്‍ ഇവരാരും കബളിപ്പച്ചവര്‍ക്കെതിരെ പരാതിപ്പെടാന്‍ തയ്യാറായിട്ടില്ല. തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും വീട്ടുജോലിക്കായി ഗള്‍ഫില്‍ പോയവരായിരുന്നു ഇവര്‍. ഗള്‍ഫില്‍ മലയാളികളടങ്ങുന്ന സംഘമാണ് ഇവരെ അനാശ്യാസപ്രവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നതെന്നാണ് ഈ യുവതികളുടെ വെളിപ്പെടുത്തല്‍.

റഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളടങ്ങുന്ന വന്‍ സംഘത്തോടൊപ്പം ഇവരെ പഞ്ചനക്ഷത്ര ഫ്ലാറ്റുകളിലാണ് പാര്‍പ്പിച്ചിരുന്നത്. പാസ്പോര്‍ട്ട് അടക്കമുള്ള യാത്രരേഖകള്‍ ഇവരില്‍ നിന്ന് കൈവശപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് ഇവരെ അനാശാസ്യത്തിന് പ്രേരിപ്പിച്ചിരുന്നത്.

എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിയമങ്ങള്‍ മറികടന്നാണ് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ സ്ത്രീകളെ വിദേശത്തേക്ക് കടത്തുന്നത്. എമിഗ്രേഷന്‍ ക്ലീയറന്‍സിനുള്ള മുദ്രകള്‍ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ വ്യാജമായി പതിച്ചാണ് റിക്രൂട്ട്മെന്റ്ഏജന്‍സികള്‍ യുവതികളെ കടത്തുന്നതെന്നും ആരോപണമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്