ചേര്‍ത്തലയില്‍ തെരഞ്ഞെടുപ്പു നടത്താന്‍ ആവശ്യപ്പെടും: മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചേര്‍ത്തലയില്‍ ഉപതെരഞ്ഞെടുപ്പു നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷനാണ്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു മാറ്റിവക്കില്ല. തെരഞ്ഞെടുപ്പ് നടക്കേണ്ട സമയത്തു നടക്കും. ഭരണഘടനയനുസരിച്ച് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തണം. ഈ നിയമം സര്‍ക്കാരിനും ബാധകമാണ്. സര്‍ക്കാര്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശരിയല്ല. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കരുതെന്ന് ആവശ്യപ്പെടുന്നവര്‍ മറ്റാരുടെയോ വലയിലാണ്.

കൂത്തുപറമ്പ്, അഴീക്കോട് ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അത് തെറ്റി. മറ്റാരെയെങ്കിലും കുറ്റം ചാരി മാറിനില്ക്കാനുള്ള ശ്രമിക്കില്ല. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച് പഠിക്കാന്‍ കെ പി സി സി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും.

സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും. ആരുമായും ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തി. വിമര്‍ശനങ്ങളുടെ പേരില്‍ പിന്നോട്ടു മാറില്ല. വിമര്‍ശനങ്ങളിലെ തെറ്റും ശരിയും മനസിലാക്കാന്‍ ശ്രമിക്കും. തെറ്റാണെങ്കില്‍ അത് തിരുത്തും. ശരിയാണെങ്കില്‍ അതുമായി മുന്നോട്ടു പോകും - മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുകയാണ്. ഇപ്പോള്‍ തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ പോകുന്നതായാണ് പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനെ ബന്ധപ്പെടുക. അതുമായി ബന്ധപ്പെട്ട മന്ത്രിയോട് ചോദിക്കുക. അതൊന്നുമുണ്ടാകുന്നില്ല. വാര്‍ത്തക്കായി എന്തും ചെയ്യുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനെയും ഭാവിയേയും ബാധിക്കുന്ന നിലപാടാണിത്. ഇത് ദൗര്‍ഭാഗ്യകരമാണ്.

ചേര്‍ത്തലയ്ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചതില്‍ അസ്വഭാവികതയില്ല. എല്ലാ എംഎല്‍എമാര്‍ക്കും മണ്ഡല വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയിക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. രാജി വെയ്ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ എ കെ ആന്റണിക്ക് ഇതില്‍ ആദ്യം അവസരം നല്കിയെന്ന് മാത്രമേയുള്ളു.

കോവളം കൊട്ടാരവും അതിന്റെ ഭാഗമായ സ്ഥലവും സര്‍ക്കാര്‍ വിട്ടുകൊടുക്കില്ല. എന്നാല്‍ ഹോട്ടലിന്റെ ഉടമസ്ഥാവകാശം ആര്‍ക്കായാലും അത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുളള സൗകര്യം നല്കും .

ലാവ്ലിന്‍ കേസ് സംബന്ധിച്ച് കെ കെ വിജയകുമാര്‍ സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭ പരിഗണിച്ചില്ല. ഇത് ജൂണ്‍ ഒന്‍പത് വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്