സിപിഎം സെക്രട്ടറിയേറ്റ് രൂപീകരിക്കാന്‍ യോഗം ചേരുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനസെക്രട്ടറിയേറ്റ് രൂപീകരിക്കാനുളള സിപിഎം യോഗം ജൂണ്‍ എട്ട് ബുധനാഴ്ച ചേരും.

ഒരു തവണ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നെങ്കിലും ഉള്‍പ്പോരുകള്‍ കാരണം നടന്നില്ല. ദേശീയ നേതാക്കളുടെ സാന്നിധ്യം ആ യോഗത്തിലും ഉണ്ടായിരുന്നു. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനോ തയാറായില്ല.

ബുധനാഴ്ച വീണ്ടും സംസ്ഥാന സമിതി യോഗം ചേരുമ്പോള്‍ അതിന്റെ മുന്നില്‍ അജണ്ടകള്‍ പലതാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാനം. അതിനോടൊപ്പം കെ കരുണാകരന്റെ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയോടുള്ള സമീപനവും ചര്‍ച്ച ചെയ്യും.

സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ് പോലെ വി.എസും പിണറായിയും ഏറ്റുമുട്ടാന്‍ ഇടയുള്ള വിഷയമാണ് കരുണാകരനും. കരുണാകരനെ ഇടതുമുന്നണിയില്‍ ചേര്‍ക്കുന്നതിനെ എല്‍ഡിഎഫിന്റെ ചില ഘടകകക്ഷികളെ കൂട്ടുപിടിച്ച് വി.എസ്. എതിര്‍ക്കുമ്പോള്‍ പിണറായിയും കൂട്ടരും അതിന് വിരുദ്ധ നിലപാടുകള്‍ ഉള്ളവരാണ്.

സംസ്ഥാന സമിതി ആദ്യം വരിക സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പാകും. മുന്‍ മന്ത്രി എസ്. ശര്‍മ്മയെ സെക്രട്ടേറിയറ്റില്‍ നിന്നും പുറത്താക്കാനുള്ള പിണറായിയുടെ തീരുമാനം അംഗീകരിച്ചാല്‍ അത് വി.എസിന് തിരിച്ചടിയാകും. ഏതായാലും സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള പിണറായിക്ക് വി.എസിന്റെ എതിര്‍പ്പ് മറികടന്ന് തോമസ് ഐസക്കിനെ സെക്രട്ടേറിയറ്റില്‍ നിലനിര്‍ത്താനും കഴിയും.

തെരഞ്ഞെടുപ്പ് ഒഴിവാക്കി സെക്രട്ടേറിയറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ദേശീയ നേതൃത്വം നേരത്തെ തുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്ര കമ്മിറ്റിയോഗത്തിനിടെ സംസ്ഥാന നേതാക്കളില്‍ ഇതു സംബന്ധിച്ച ധാരണയുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.

മൂന്നു ദിവസത്തെ യോഗത്തോടെ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ആര്‍ക്കാണ് മേധാവിത്വമെന്ന് ഉറപ്പാകും. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം അധികാരത്തിലെത്തിയാല്‍ ആര് മുഖ്യമന്ത്രിയാകും എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കുക സംസ്ഥാന കമ്മിറ്റിയില്‍ മേല്‍ക്കൈ നേടുന്ന വിഭാഗമാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്