യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നു: തങ്കച്ചന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് കുറച്ചു വോട്ടുകള്‍ ചോര്‍ന്നതായി യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യങ്ങളും അടിച്ചേല്‍പ്പിക്കപ്പെട്ട തിരഞ്ഞെടുപ്പ് എന്ന പ്രചാരണവും തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികള്‍ക്കു കാരണമാണ്. ജയരാജന് ഭൂരിപക്ഷം കിട്ടിയത് അദ്ദേഹത്തിനനുകൂലമായി ഒരു സഹതാപതരംഗമുണ്ടായിരുന്നതു കൊണ്ടുകൂടിയാണ്. മാത്രവുമല്ലാ, വര്‍ഗീയസംഘടനകളായ എന്‍ഡിഎഫിന്റെയും ജമാ അത്തേ ഇസ്ലാമിയുടെയും പിന്തുണ കൂടിയുണ്ടായിരുന്നു. എങ്കിലും നേരിയ വോട്ടുവര്‍ദ്ധവു മാത്രമെ എല്‍ഡിഎഫിനു ലഭിച്ചുള്ളൂ.

ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഴീക്കോട് 3306ഉം കൂത്തുപറമ്പില്‍ 5114 വോട്ടുമാണ് ഇടതുമുന്നണി കൂടുതല്‍ നേടിയത്.രണ്ടിടത്തും പോളിങ് ശതമാനം വര്‍ദ്ധിച്ചിട്ടുമുണ്ട്. എന്‍ഡിഎഫും ജമാ അത്തേ ഇസ്ലാമിയും ഇടതുമുന്നണിക്കു വേണ്ടി സിപിഎമ്മിനേക്കാള്‍ വാശിയിലാണ് പ്രചാരണം നടത്തിയത്. യുഡിഎഫും ബിജെപിയുമായി സഖ്യമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും എന്‍ഡിഎഫും എല്‍ഡിഎഫുമായി സഖ്യമുണ്ടെന്നതാണ് ശരിയെന്നും തെരഞ്ഞെടുപ്പില്‍ നിന്നും വ്യക്തമായിരിക്കുകയാണ്.

ഉപതിരഞ്ഞെടുപ്പുഫലം സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ല. ഉപതിരഞ്ഞെടുപ്പുഫലവും പൊതുതിരഞ്ഞെടുപ്പുഫലവും തമ്മില്‍ പലപ്പോഴും യാതൊരു ബന്ധവുമുണ്ടാകാറില്ല. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ആറു നിയമസഭാമണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയാണ് ജയിച്ചത്. എന്നാല്‍ അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 സീറ്റു നേടി.

തിരഞ്ഞെടുപ്പു പരാജയം കണക്കാക്കാതെ വികസനപ്രവര്‍ത്തനങ്ങളുമായി യുഡിഎഫ് മുന്നോട്ടുപോകും.ഈ മാസം 13 ന് ചേരുന്ന പ്രത്യേക യുഡിഎഫ് യോഗത്തില്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചര്‍ച്ച ചെയ്യും. ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പു നടത്തേണ്ടതിനെക്കുറിച്ചു തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മീഷനാണെന്നും തങ്കച്ചന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്