കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാരായണന്റെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മുന്‍രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഉറച്ച ദേശീയവാദിയും കറകറഞ്ഞ മനുഷ്യസ്നേഹിയുമായിരുന്ന കെ.ആര്‍.നാരായണന്‍ സാധാരണക്കാരുടേയും താഴേക്കിടയിലുളളവരുടേയും പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച വ്യക്തിയായിരുന്നുവെന്ന് ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ പറഞ്ഞു. നയതന്ത്രജ്ഞന്‍, വിദ്യാഭ്യാസവിചക്ഷണന്‍, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ നിലക്കുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.

കേരളത്തിന്റ മഹാനായ പുത്രനായ നാരായണന്‍ രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തിയ ആദ്യദളിതന്‍ എന്ന നിലക്ക് ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ സ്വര്‍ണലിപികളില്‍ കുറിക്കപ്പെടും.

പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച നാരായണന്റെ ജീവിതം ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കുള്ള മാതൃകയാണെന്ന് മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു യുദ്ധമായിരുന്നു.

മതേതരത്വത്തിന്റെ ശക്തനായ ഒരു വക്താവായിരുന്ന നാരായണനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയത്തിലും ഔദ്യോഗിക ജീവിതത്തിലും കഠിനാധ്വാനം കൊണ്ട് വിജയിച്ച വ്യക്തിയാണ് നാരായണന്‍. കേന്ദ്രമന്ത്രിയായിരിക്കെ, കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം.

സമൂഹത്തിലെ പിന്നോക്കക്കാരുടേയും പാവപ്പെട്ടവരുടേയും നന്മക്കു വേണ്ടി നിലകൊണ്ടിട്ടുള്ള നാരായണന്‍ ആഗോളവല്‍ക്കരണത്തിലും സ്വകാര്യവര്‍ക്കരണത്തിലുമുള്ള തന്റെ അസംതൃപ്തി പ്രകടിപ്പിച്ച ആളാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

നാരായണന്റെ നിര്യാണം കേരളത്തിന് മാത്രമല്ല രാഷ്ട്രത്തിനു തന്നെ ഒരു തീരാനഷ്ടമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.

പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമായി നിലകൊണ്ട വ്യക്തിയാണ് നാരായണനെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു.

മന്ത്രിമാരായ കെ.എം മാണി, വക്കം പുരുഷോത്തമന്‍, കെ.ആര്‍ ഗൗരിയമ്മ, ബാബു ദിവാകരന്‍, എം.കെ മുനീര്‍, കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍ എന്നിവരും നാരായണന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X