മഴക്കെടുതി തുടരുന്നു
കണ്ണൂര്‍: കനത്ത മഴയും ശക്തിയേറിയ കാറ്റും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് തുടരുന്നു. കണ്ണൂരില്‍ പുറങ്കടലില്‍ തോണി തകര്‍ന്ന് രണ്ടു പേരെ കാണാതായതായി. കക്കയം ഡാം സൈറ്റിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അറുപതോളം തൊഴിലാളികള്‍ ഒറ്റപ്പെട്ടു.
കണ്ണൂരില്‍ തോണി തകര്‍ന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫിഷറീസ് അധികൃതര്‍ തിരച്ചില്‍ നടത്തി വരികയാണ്. കക്കയത്ത് ഡാം സൈറ്റില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഈ പ്രദേശം പൂര്‍ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. കക്കയത്തു നിന്നും രണ്ട് കിലോമീറ്റര്‍ മുകളില്‍ പുതിയ പവര്‍ഹൗസിനുള്ള പൈപ്പ് ലൈന്‍ ടണല്‍ നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടത്.
മരം വീണതിനെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ഗതാഗതം മുടങ്ങി. കക്കയത്ത് മണ്ണിടിച്ചിലുണ്ടായി. കോഴിക്കോട് ബേപ്പൂരില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒലിച്ചുപോയ അഞ്ച് ബോട്ടുകളില്‍ രണ്ടെണ്ണം തകര്‍ന്നു.
ആലപ്പുഴയില്‍ മഴക്കെടുതിയില്‍ 250ഓളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. അമ്പലപ്പുഴയില്‍ ചുഴലിക്കാറ്റില്‍ 35 വീടുകള്‍ തകര്‍ന്നു. ഇവിടെ പലയിടത്തും ദുരിതാശ്വാസകേന്ദ്രങ്ങള്‍ ആരംഭിച്ചു.