കുന്ദംകുളം വാഹനാപകടം: മരിച്ചവരുടെ എണ്ണം 12 ആയി
കുന്ദംകുളം: ഞായറാഴ്ച വൈകീട്ട് കുന്ദംകുളത്തിനടുത്ത് കാണിപ്പയ്യൂര്‍ യൂണിറ്റി ആശുപത്രിക്ക് സമീപം വിവാഹസംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
വരന്റെ സഹോദരീ ഭര്‍ത്താവും എരുമപ്പെട്ടി പുലിക്കോട്ടില്‍ ജ്വല്ലറി ഉടമയുമായ എരുമപ്പെട്ടി പുത്തൂര്‍ ലൂവിസിന്റെ മകന്‍ ജിമ്മി (40), വരന്റെ പിതൃസഹോദരിയുടെ മകന്‍ ചിന്നന്‍ (ഇഗ്നേഷ്യസ്-50), ചിന്നന്റെ മകന്‍ ധനിന്‍ (23), വാന്‍ ഡ്രൈവര്‍ മടപ്പാട്ടു പറമ്പില്‍ ജമാല്‍ (32), ചെറുവത്തൂര്‍ കൊച്ചുമാത്തു (66), പുതുശേരി കിടങ്ങന്‍ ആന്റണി (അന്തോണി-62), ഭാര്യ മേരി (52), പുലിക്കോട്ടില്‍ കുരുതുകുട്ടി (82), പറപ്പൂര്‍ പോന്നാര്‍ എടക്കളത്തൂര്‍ ചേറു (52), ചെമ്മന്തിട്ട തേര്‍മഠത്തില്‍ ജോണ്‍സണ്‍ (32), ചൂണ്ടല്‍ തെക്കേക്കര രോഹിത് ജോര്‍ജ് (18), കരുമാത്ര സ്വദേശി ആറാട്ടുപറമ്പില്‍ പ്രകാശന്‍ എന്നിവരാണ് മരിച്ചത്.
വിവാഹം കഴിഞ്ഞ് പഴുന്നാന സെന്റ് ജോസഫ് പള്ളിയില്‍ നിന്ന് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എം.എ.ബേബി അറിയിച്ചു. പരിക്കേറ്റവരെ അദ്ദേഹം സന്ദര്‍ശിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 20,000 രൂപയും നല്‍കും.
ദുരന്തത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ കുന്നംകുളത്തും ചൊവന്നൂര്‍ പഞ്ചായത്തിലും എരുമപ്പെട്ടിയിലും ഹര്‍ത്താല്‍ ആചരിക്കും.












Click it and Unblock the Notifications