കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആറ് മരണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് ആറുപേര്‍ മരിച്ചു. നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായും ആയിരക്കണക്കിനു വീടുകള്‍ ഭാഗികമായും തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചു. തീരദേശം രൂക്ഷമായ കടലാക്രമണഭീതിയിലാണ്. മലയോരമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി.

തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂര്‍ സ്വദേശിനി ഉഷ(27), ആലപ്പുഴ പറവൂര്‍ വെളിയില്‍ മണിയന്‍(55), കോഴിക്കോട് ജില്ലയിലെ വടകര കടമേരിയില്‍ രജിഷ(15), കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം ജീവനക്കാരന്‍ വേങ്ങേരി തെക്കെമണ്ണാറയ്ക്കല്‍ സബ്രഹ്മണ്യന്‍ (53), തലശ്ശേരി ഒളവിലം കുഞ്ഞിപ്പുരയില്‍ സജീവന്‍(30) എന്നിവരാണ് മഴക്കെടുതിയെത്തുടര്‍ന്ന് മരിച്ചത്. മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് യാത്രക്കാരനായ സിബിന്‍ (25) മരിച്ചു. കോഴിക്കോട് പൂനൂര്‍പ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു യുവാവിനെ കാണാതായി. കക്കാടവത്ത് താഴത്ത് അബ്ദുള്ളക്കോയയുടെ മകന്‍ മെഹറൂഫിനെയാണ് കാണാതായത്.

വെള്ളപ്പൊക്ക ബാധിത പ്രദേശത്തുനിന്നും അഞ്ഞൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൃഷിയുള്‍പ്പെടെ 80ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി കണക്കാക്കപ്പെടുന്നു. കടല്‍ കയറിയതിനെത്തുടര്‍ന്ന് ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറി. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ കുറ്റ്യാടിയിലെ കാവിലുംപാറ പഞ്ചായത്തിലെ കൊടപ്പടിമലയില്‍ ഉരുള്‍പൊട്ടി വന്‍ തോതില്‍ കൃഷിനാശമുണ്ടായി. ആര്‍ക്കും അപകടം പറ്റിയതായി റിപ്പോര്‍ട്ടില്ല.

മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് ഇവിടത്തെ തൊട്ടില്‍പ്പാലം പുഴയില്‍ വെള്ളപ്പൊക്കമുണ്ടായി. പുഴയോരത്തെ ഒരുവീട് പൂര്‍ണമായും ഒലിച്ചുപോയി. അപകടം മുന്‍കൂട്ടിക്കണ്ട് വീട്ടുകാര്‍ മാറിത്താമസിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുഴക്കല്‍ ബാലന്റെ വീടാണ് ഒലിച്ചുപോയത്. വീട്ടുപകരണങ്ങളും വളര്‍ത്തുമൃഗങ്ങളും ഒലിച്ചുപോയി.

കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി -മൈസൂര്‍ അന്തര്‍ സംസ്ഥാന പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് ചാവശ്ശേരി ഗവ. ഹൈസ്കൂളിന് സമീപം കലുങ്കിനോടു ചേര്‍ന്ന് മൂന്നുമീറ്റര്‍ നീളത്തില്‍ പാതയിടിഞ്ഞത്.

കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാനത്തെ കനത്തമഴയെക്കുറിച്ചും അതുമൂലമുണ്ടാകുന്ന നാശനഷ്ടത്തെക്കുറിച്ചും വിവരം നല്‍കാന്‍ സെക്രട്ടേറിയേറ്റില്‍ 24മണിക്കൂറൂം പ്രവര്‍ത്തിക്കുന്ന പ്രകൃതി ദുരന്ത കണ്‍ട്രോള്‍ റും തുറന്നതായി ഡിസാസ്റര്‍ മാനേജ്മെന്റ് വകുപ്പ് അറിയിച്ചു. ടെലഫോണ്‍ നമ്പരുകള്‍- 0471-2333198, 0471-2518700,ടോള്‍ഫ്രീ നമ്പര്‍- 1070.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X