സൂപ്പി തോല്പിച്ചെന്ന് അബ്ദുള്‍ ഹമീദ്
മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ മുസ്ലിം ലീഗില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പി തനിക്കെതിരെ പ്രവര്‍ത്തിച്ചതു കൊണ്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ തോറ്റതെന്ന പി. അബ്ദുള്‍ ഹമീദിന്റെ ആരോപണത്തോടെ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്.
തിരഞ്ഞെടുപ്പിനെ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന പാര്‍ട്ടി മലപ്പുറം യൂണിറ്റ് സമ്മേളനത്തിനിടക്കാണ് ഹമീദ് സൂപ്പിക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നിന്നുമാണ് പി. അബ്ദുള്‍ ഹമീദ് തോല്‍വിയേറ്റു വാങ്ങിയത്. പെരിന്തല്‍മണ്ണയില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതാണ് തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ സൂപ്പിയെ പ്രേരിപ്പിച്ചതെന്നാണ് ഹമീദ് ആരോപിക്കുന്നത്.
പാര്‍ട്ടിയ്ക്കകത്തെ അഭിപ്രായ ഭിന്നത പുറം ലോകമറിയാതിരിക്കാന്‍ സമ്മേളനത്തില്‍ നിന്നും മാധ്യമങ്ങളെ അകറ്റിനിര്‍ത്തിയിരുന്നു. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറമായിരുന്നു പാര്‍ട്ടിയുടെ ശക്തകേന്ദ്രം .എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തേറ്റ കനത്ത പരാജയത്തില്‍ ലീഗ് നേതൃത്വം അക്ഷരാര്‍ത്ഥത്തല്‍ പകച്ചിരിക്കുകയാണ്.
മലപ്പുറം ജില്ലയില്‍ മത്സരിച്ചി ലീഗിന്റെ പ്രമുഖ നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കെല്ലാം കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ഇതിനിടെ പാര്‍ട്ടി പ്രസിഡന്റു മതനേതാവുമായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആരോഗ്യ നില വഷളാകുന്നതും പാര്‍ട്ടിക്കകത്തുതന്നെയുണ്ടായ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവെച്ചതുമെല്ലാം ലീഗിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുകയാണ്.
പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് രൂക്ഷമായ ആരോപണം നിലനില്‍ക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ പ്രകടമായ വിഭാഗീയതയുണ്ടായത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന സംസ്ഥാന കമ്മറ്റി മീറ്റിംഗില്‍ ഇപ്പോഴത്തെ താല്‍കാലിക ജനറല്‍ സെക്രട്ടറിയായ കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ ഔദ്യോഗിക സെക്രട്ടറിയായി പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.
മുസ്ലിം ലീഗിന് 1996 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൊത്തം 13 സീറ്റായിരുന്നു ലഭിച്ചത്. 1991ലും 1987ലും സീറ്റുനില യഥാക്രമം 19, 15 എന്നിങ്ങനെയായിരുന്നു. ഇത്തവണ അത് ഏഴായി കുറഞ്ഞു.
പാര്‍ട്ടിയുടെ ഈ അപചയം മാറ്റാനായി ഇപ്പോള്‍ എല്‍ ഡി എഫിനൊപ്പം നില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിനെ പോലുള്ള സംഘടനകള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരേണ്ടതുണ്ടെന്നും നേതൃത്വം വിലിയിരുത്തുന്നു.