കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഫലം പറ്റുന്ന പദവി: രാഷ്ട്രപതി ബില്‍ തിരിച്ചയച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ശമ്പളം പറ്റുന്ന പദവികള്‍ വഹിക്കുന്ന എം പിമാരുടെ അംഗത്വം നഷ്ടപ്പെടാതിരിക്കാന്‍ 56 പദവികളെ ഒഴിവാക്കിക്കൊണ്ട് പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാം ഒപ്പുവെയ്ക്കാതെ തിരിച്ചയച്ചു.

പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ വീണ്ടും പരിഗണിക്കണമെന്ന നിര്‍ദേശത്തോടെയാണ് തിരിച്ചയച്ചത്. ഇന്ത്യന്‍ ഭരണ ചരിത്രത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് രാഷ്ട്രപതിമാര്‍ ബില്ലുകള്‍ തിരിച്ചയച്ചിട്ടുള്ളത് . കലാമിന്റെ ഈ നടപടി യു പി എ സര്‍ക്കാറിന് വന്‍ തിരിച്ചടിയായി.

ഈ വിഷയത്തില്‍ സമഗ്രവും വ്യക്തവുമായ പൊതുമാനദണ്ഡം ഉണ്ടാക്കണമെന്ന സന്ദേശത്തോടെയാണ് രാഷ്ട്രപതിബില്‍ തിരിച്ചയച്ചിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് അവസാനിച്ച പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഈ ബില്‍ പാസ്സാക്കിയത്. അതിനുശേഷം മെയ് 25നാണ് ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചത്. ബില്‍ ശ്രദ്ധാ പൂര്‍വ്വം വിലയിരുത്തുകയും നിയമജ്ഞരുമായി ചര്‍ച്ചചെയ്ത് വിലയിരുത്തുകയും ചെയ്തതിനു ശേഷമാണ് രാഷ്ട്രപതി ബില്‍ തിരിച്ചയച്ചിരിക്കുന്നത്.

സോണിയാ ഗാന്ധി വഹിച്ചിരുന്ന ദേശീയ ഉപദേശക സമിതി അധ്യക്ഷ പദവി അടക്കം 56 പദവികളെയാണ് ശമ്പളം പറ്റുന്ന പദവികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളത്. അയോഗ്യതയില്‍ നിന്ന് ഒഴിവാകുന്നതിനുള്ള മാനദണ്ഡങ്ങള്‍ സുവ്യക്തവും നീതിയുക്തവും സംസ്ഥാനങ്ങള്‍ക്കെല്ലാം ഒരേ തരത്തില്‍ ബാധകമാകുന്ന തരത്തിലുള്ളതായിരിക്കണമെന്നും രാഷ്ട്രപതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബില്ലിന് മുന്‍കാല പ്രാബല്യം നല്‍കിയതിലും രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചതായി സൂചനയുണ്ട്. സോണിയാ ഗാന്ധി വഹിച്ചിരുന്ന ദേശീയ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തിനു പുറമെ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി വഹിച്ചിരുന്ന ശാന്തി നികേതന്‍ വികസന അതോറിറ്റി അധ്യക്ഷ പദവി, സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് വഹിച്ചിരുന്ന യു പി വികസന കൗണ്‍സില്‍ അധ്യക്ഷസ്ഥാനം, ബി ജെ പി നേതാവ് വി കെ മല്‍ഹോത്ര വഹിക്കുന്ന അഖിലേന്ത്യാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ പദവി, കോണ്‍ഗ്രസ്സ് നേതാവ് ടി സുബ്ബരാമ റെഡ്ഡി വഹിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റിന്റെ അധ്യക്ഷ പദവി, കപില വത്സ്യായനന്‍ വഹിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് അധ്യക്ഷ പദവി , കരണ്‍ സിംഗ് വഹിക്കുന്ന ഐസിഎസ് ആര്‍ അധ്യക്ഷ പദവി എന്നിവയും ഒഴിവാക്കപ്പെട്ട പദവികളില്‍ ഉള്‍പ്പെടും.

ബംഗാളില്‍ വിവിധ പദവികള്‍ വഹിക്കുന്ന 10 സി പിഎം എം പിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്സ് രാഷ്ട്രപതിയെ സമീപിച്ചിരുന്നു. ശമ്പളം പറ്റുന്ന പദവിയുമായി ബന്ധപ്പെട്ട് 1959ല്‍ നടപ്പിലാക്കിയ നിയമത്തിലാണ് പാര്‍ലമെന്റ് ഭേദഗതി വരുത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X