രാഘവന്റെ നിലപാട് ധാര്‍ഷ്ട്യം: ജി.സുധാകരന്‍
കോഴിക്കോട്: പരിയാരം മെഡിക്കല്‍ കോളജില്‍ ഒരു മെറിറ്റ് സീറ്റുപോലും അനുവദിക്കുകയില്ലെന്ന എം.വി.രാഘവന്റെ നിലപാട് ധാര്‍ഷ്ട്യമാണെന്ന് സഹകരണ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
എം.വി.രാഘവന്‍ അധ്യക്ഷനായുള്ള പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി നിയമപരമായി പിരിച്ച് വിടാനാകുമോയെന്ന് പരിശോധിക്കും.
സൂചി കുത്താന്‍ പോലും ഇടംകൊടുക്കില്ലെന്ന് കൗരവന്മാര്‍ ശ്രീകൃഷ്ണനോട് പറഞ്ഞത് പോലെയാണ് രാഘവന്റെ ധാര്‍ഷ്ട്യം. ഒരു സീറ്റെങ്കിലും അനുവദിക്കണമെന്ന് ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ ദൂത് പറയുകയാണ്.
ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ രാഘവന് പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. അരവിന്ദാക്ഷന്‍ സ്വമേധയാ രാജിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മലബാറിലെ ചില ക്ഷേത്രങ്ങള്‍ സര്‍ക്കാരിന് നാല് കോടിയോളം രൂപ നല്‍കാനുണ്ട്. ദേവാലയങ്ങളുടെ മറവില്‍ പൊതുമുതല്‍ കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.