കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ പ്രഫഷണല്‍ കോളജുകളെ നിയന്ത്രിക്കാനുള്ള ബില്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു.

2006ലെ കേരള പ്രഫഷണല്‍ കോളജ് ക്യാപിറ്റേഷന്‍ ഫീസ് നിരോധിക്കുന്നതും പ്രവേശനം നിയന്ത്രിക്കുന്നതും സംബന്ധിച്ച ബില്ലാണ് അവതരിപ്പിച്ചത്. സ്വാശ്രയ കോളജുകളിലെ ഫീസും പ്രവേശനവും നിയന്ത്രിക്കുന്നതിന് സിവില്‍ അധികാരമുള്ള ഉന്നത സമിതി രൂപീകരിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ അണ്‍ എയ്ഡഡ് പ്രഫഷണല്‍ കോളജുകളിലും ജസ്റിസ് കെ.ടി.തോമസ് കമ്മിഷന്‍ നിര്‍ദ്ദേശിച്ച ഫീസ് ഈടാക്കണമെന്ന സുപ്രീംകോടതി വിധിയെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ നിയമനിര്‍മ്മാണം നടത്തുന്നത്.

സംസ്ഥാനത്തെ ന്യൂനപക്ഷ പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് നിയന്ത്രിക്കുന്നതിനും പ്രവേശനം നിയന്ത്രിക്കുന്നതിനും രണ്ട് സമിതികളെ നിയോഗിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.

പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി സുപ്രീംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ഒരു ജഡ്ജിയുടെ അധ്യക്ഷതയിലായിരിക്കും പ്രവര്‍ത്തിക്കുക.

കമ്മിറ്റിയില്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ-കുടുംബ ക്ഷേമ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, സംസ്ഥാന പരീക്ഷാ കമ്മിഷണര്‍, പട്ടികജാതിപട്ടിക വിഭാഗത്തില്‍ നിന്നുള്ള ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.

ഫീസ് നിയന്ത്രിക്കാനുള്ള ഫീസ് റഗുലേറ്ററി കമ്മിറ്റിയും സുപ്രീംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിലായിരിക്കും പ്രവര്‍ത്തിക്കുക.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രതിനിധി, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നിവര്‍ ഈ സമിതിയിലും അംഗമായിരിക്കും. ഈ രണ്ട് സമിതികള്‍ക്കും സിവില്‍ അധികാരമുണ്ടായിരിക്കും.

സാക്ഷികളെ വിളിച്ചു വരുത്താനും വിസ്തരിക്കാനുമുള്ള അധികാരം ഈ കമ്മിറ്റികള്‍ക്കുണ്ടായിരിക്കും.

ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് രേഖകള്‍ കണ്ടെത്താനും അത് ഹാജരാക്കാന്‍ ആവശ്യപ്പെടാനും ഏതെങ്കിലും സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സത്യവാങ്മൂലം വഴി തെളിവെടുപ്പ് നടത്താനുള്ള അധികാരവും ഈ സമിതിക്കുണ്ടായിരിക്കും.

നിയമം ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ പിഴയും മുന്ന് വര്‍ഷം വരെ തടവും വിധിക്കാനുള്ള അധികാരവും സമിതിക്ക് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ സ്വാശ്രയ പ്രഫഷണല്‍ കോളജുകളിലെ ഫീസും പ്രവേശനവും നിയന്ത്രിക്കുന്ന ചട്ടങ്ങളാണ് ഈ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ന്യൂനപക്ഷ സ്വഭാവമില്ലാത്ത കോളജുകളില്‍ ബില്‍ വ്യവസ്ഥ ചെയ്യുന്ന സംവരണ ആനുപാതവും ബില്ലിലുണ്ട്.

എസ്.സി, എസ്.ടി വിഭാഗത്തിന് പത്ത് ശതമാനം, സാമൂഹ്യപരവും സാമ്പത്തികപരവുമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 25 ശതമാനം, വികലാംഗര്‍ക്ക് മൂന്ന് ശതമാനം, ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് 12 ശതമാനം, എന്‍.ആര്‍.ഐ വിഭാഗത്തിന് 15 ശതമാനം, ജനറല്‍ മെറിറ്റ് 35 ശതമാനം എന്ന തോതിലായിരിക്കും പ്രവേശനം.

ദുര്‍ബല വിഭാഗങ്ങളിലെ മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഫണ്ട് ഏര്‍പ്പെടുത്താനും ബില്ല് വ്യവസ്ഥ ചെയ്യുന്നു.

ഭരണഘടനയുടെ 93-ാം ഭേദഗതിക്ക് വിരുദ്ധമാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ന്യൂനപക്ഷ കോളജുകള്‍ക്ക് ഈ നിയമം ബാധകമാകില്ലെന്നും ബഹുഭൂരിപക്ഷം സ്വാശ്രയ കോളജുകളും ബില്ലിന്റെ പരിധിയില്‍ വരില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X