തെങ്ങ് മോഷണം: നടപടി കോടതി തടഞ്ഞു
കൊച്ചി: കോവളം കൊട്ടാരവളപ്പിലെ തെങ്ങുകള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ലീലാ ഹോട്ടല്‍ ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ക്കെതിരെയുള്ള കേസിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
തെങ്ങുമോഷണവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് വ്യാജമാണെന്ന് കാണിച്ച് കൃഷ്ണന്‍ നായര്‍ നല്‍കിയ പരാതി പരിഗണിച്ച് ജസ്റിസ് കെ.ആര്‍ ഉദയഭാനുവാണ് കീഴ്ക്കോടതി നടപടികള്‍ തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
കോവളം പൊലീസാണ് ഇദ്ദേഹത്തിനെതിരെ മോഷണക്കുറ്റം രജിസ്റര്‍ ചെയ്തത്. ഇത് വെറുമൊരു കള്ളക്കേസാണെന്നും സംഭവസമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും കൃഷ്ണന്‍നായര്‍ പറഞ്ഞു.
കള്ളക്കേസ് ഉണ്ടാക്കി പൊലീസ് പകവീട്ടുന്ന രീതിയെയും അദ്ദേഹം ചോദ്യം ചെയ്തു. പൊലീസ് നടപടിയ്ക്കു പിന്നില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും നായര്‍ പറഞ്ഞു. പൊലീസ് തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് പ്രതിചേര്‍ക്കുകയായിരുന്നെന്നും അദ്ദേഹം കോടതിയില്‍ ആരോപിച്ചു.
മുംബൈയില്‍ 3000ത്തോളം തെങ്ങുകള്‍ താന്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. തെങ്ങുസംരക്ഷണത്തന് തനിയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള തന്നെ തെങ്ങുമോഷ്ടാവായി ചിത്രീകരിക്കുന്നത് അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശം വെച്ചാണ്- കൃഷ്ണന്‍ നായര്‍ പറഞ്ഞു.
കോവളം കൊട്ടാരവുമായി ബന്ധപ്പെട്ട് കൃഷ്ണന്‍ നായരും സര്‍ക്കാറും തമ്മില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications