കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് പ്രവൃത്തിയിലൂടെ പ്രാര്‍ത്ഥിക്കുന്നു: ബേബി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്തിന് വേണ്ടി കൂട്ടപ്രാര്‍ത്ഥനകള്‍ വരെ നടക്കുന്ന കാലമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി.

പ്രവൃത്തിയാണ് പ്രാര്‍ത്ഥനയെന്ന് മഹാത്മാഗാന്ധിയുടെ നിര്‍വ്വചനം എല്ലാവരും സ്വീകരിക്കേണ്ട് ആശയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് വെസ്റ്ഹില്‍ ഗവ.എന്‍ജിനീയറിംഗ് കോളജ് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവര്‍ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ല എന്നുമാത്രമേ സ്വാശ്രയ നിയമ വിവാദങ്ങളെക്കുറിച്ചു പറയാനുള്ളു. എല്‍ഡിഎഫ് പ്രവൃത്തിയിലൂടെ പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണ്. ദരിദ്രരായ മിടുക്കന്മാര്‍ക്കും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും നല്ലവിദ്യാഭ്യാസം കൊടുക്കുക എന്നതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.

വിദ്യാഭ്യാസമേഖലയില്‍ അര്‍ഹതയ്ക്കും സാമൂഹിക നീതിയ്ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത്. എന്നല്‍ പണത്തിനും കോഴയ്ക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്ന സിദ്ധാന്തമാണ് ചിലര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

ഒരുവിഭാഗത്തിന്റെയും ന്യായമായ അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ സര്‍ക്കാര്‍ ഇടവരുത്തില്ല. എന്നാല്‍ അതിന്റെ പിന്നില്‍ ലാഭക്കച്ചവടം നടത്താനും സമ്മതിക്കില്ല. ഇപ്പോള്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ സര്‍ക്കാറിന്റെ പോരായ്മകള്‍ പരിഹരിക്കാനാണെങ്കില്‍ നല്ലത്- മന്ത്രി പറഞ്ഞു.

പ്രൈമറി രംഗം മുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം വരെ സ്വകാര്യമേഖല നല്‍കിയ സംഭാവന വിലപ്പെട്ടതാണ്. ഇടയലേഖനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നറിഞ്ഞിടത്തോളം അതില്‍ തെറ്റായ ഒരു പ്രസ്താവനയുണ്ട്. പള്ളിയോടു ചേര്‍ന്ന പള്ളിക്കൂടങ്ങള്‍ നഷ്ടപ്പെടാന്‍ പോകുന്നു എന്നതാണത്. പള്ളിയോടും മദ്രസയോടും ചേര്‍ന്ന ഒന്നിലും ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അതേ സമയം പള്ളിയോടു ചേര്‍ന്ന വിദ്യാഭ്യാസസ്ഥാപനമായതിന്റെ പേരില്‍ കോഴവാങ്ങാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനനുവദിക്കുകയുമില്ല.

പ്രവേശനത്തിന് കോഴ വാങ്ങരുതെന്നത് സുപ്രിം കോടതി വിധിയാണ്. അത് നടപ്പിലാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. പ്രാര്‍ത്ഥന നടത്തുന്നവര്‍ അക്കാര്യം കൂടി പരിഗണിക്കണം. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയല്ലാതെ ഒന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ല.

അതിനെ തടസപ്പെടുത്തുന്ന വല്ലതുമുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണ്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഏതുസമയത്തും സര്‍ക്കാര്‍ സന്നദ്ധമാണ്- ബേബി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X