ജസ്വന്തിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കി
ദില്ലി: നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഇന്ത്യന്‍ ആണവരഹസ്യങ്ങള്‍ ചോര്‍ത്തി യുഎസിനു നല്‍കിയതായി താന്‍ നടത്തിയ ആരോപണത്തില്‍ ചാരന്റെ പേരറിയില്ലെന്ന ബിജെപി നേതാവ് ജസ്വന്ത് സിംഗിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ബഹളം.
ജസ്വന്തിനെതിരെ അവകാശ ലംഘന പ്രമേയം കൊണ്ടുവരാന്‍ വി.നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതക്കള്‍ ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയ്ക്കു ശേഷമാണ് ചാരവൃത്തി സംബന്ധിച്ച ജസ്വന്ത് സിംഗിന്റെ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ്സ് നേതൃത്വം പ്രതിഷേധമുയര്‍ത്തിയത്.
ചൊവ്വാഴ്ച ചാരന്റെ പേര് തനിക്കറിയില്ലെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് ജസ്വന്തിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പത്രവര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയാണ് നാരായണസ്വാമിയും കൂട്ടരും സഭയില്‍ ബഹളം വെച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധനകളും അന്വഷണങ്ങളും നടത്താതെ ജസ്വന്തിനെതിരെ അവകാശ ലംഘന പ്രമേയം കൊണ്ടുവരാന്‍ കഴിയില്ലെന്ന് ചെയര്‍മാന്‍ ഭൈരോണ്‍ സിംഗ് ശെഖാവത്ത് അറിയിച്ചു.
പ്രശ്നം ഗൗരവതരമായി പരിശോധിച്ചുവരുകയാണെന്നും അതിനാല്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു.
ചെയര്‍മാന്റെ പ്രതികരണം കോണ്‍ഗ്രസ് നേതാക്കളെ കൂടുതല്‍ രോഷാകുലരാക്കി. പത്തുമിനിട്ടുനീണ്ട ബഹളങ്ങള്‍ക്കൊടുവിലാണ് സഭ അടുത്ത നടപടിയിലേയ്ക്ക് കടന്നത്.