കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്തി

  • By Staff
Google Oneindia Malayalam News

പറവൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചയുവതിയെ യുവാവ് വെട്ടിക്കൊന്നു. ആക്രമണത്തിനിടയില്‍ യുവതിയുടെ സഹോദരന് ഗുരുതരമായി പരുക്കേറ്റു.

തത്തപ്പിള്ളി അംബേദ്കര്‍ കോളനിയിലെ ചതിക്കളം ശുഭാലയന്റെ മകള്‍ ലയ(21)ആണ് വെട്ടേറ്റു മരിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി വെട്ടേറ്റ സഹോദരന്‍ ലിജിനെ (13) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്. പ്രതിയെന്നു സംശയിക്കുന്ന കൈതാരം കൊപ്പറമ്പില്‍ രാമചന്ദ്രന്റെ മകന്‍ രമേശനെ(22) പൊലിസ് കസ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുകയാണ്.

പുലര്‍ച്ചെ വീട്ടുകാരുടെ കരച്ചില്‍ കേട്ടാണ് കോളനിയിലെ മറ്റു വീട്ടുകാര്‍ സംഭവം അറിഞ്ഞത്. വെട്ടേറ്റ് രക്തത്തില്‍ വാര്‍ന്ന നിലയില്‍ക്കിടന്ന ലയയെ ഒരു മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. ആശുപത്രിയിലെത്തുന്നതിനുമുമ്പേ മരണം സംഭവിക്കുകയായിരുന്നു.

പറവൂരിലെ ഒരു ചെരിപ്പു കടയില്‍ ഒരു വര്‍ഷത്തോളം സെയില്‍സ് ഗേളായി ലയ ജോലിചെയ്തിരുന്നു. ഇതിനിടയിലാണ് രമേശനും ലയയും തമ്മില്‍ അടുപ്പത്തിലായത്.

ഒരിക്കള്‍ ഇരുട്ടിയ ശേഷം കോടതിവളപ്പില്‍ സംസാരിച്ചു നിന്ന ലയയേയും രമേശനെയും പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഇയാളുമായി തെറ്റിയതിനുശേഷം ലയ ചെരുപ്പുകടയിലെ ജോലി ഉപേക്ഷിച്ച് പൊന്നുരുന്നിയിലെ കോണ്‍വെന്റില്‍ ജോലിയ്ക്കു കയറുകയായിരുന്നു. ഓണാവധിയ്ക്കു വീട്ടിലെത്തിയതായിരുന്നു ലയ.

ഇതിനിടയില്‍ നിരവധി തവണ രമേശന്‍ ഫോണില്‍ വിളിച്ച് ലയയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിരുവോണദിവസം ക്ഷേത്രത്തില്‍ പോകുന്ന വഴി തടഞ്ഞുനിര്‍ത്തി വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ സഹോദരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ.

ലയയുടെ വീട്ടുകാരും ഈ ബന്ധം ഇഷ്ടമില്ലാതത്തിനാല്‍ വിവാഹം നടത്തിക്കൊടുക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പ്രതികാരം തീര്‍ക്കാന്‍ ഇയാള്‍ കോളനിയിലെ വീട്ടിലെത്തി ലയയെയും സഹോദനെയും വെട്ടുകയായിരുന്നുവെന്ന് കരുതുന്നു.

ലയയുടെ കഴുത്തിലും വയറിനും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം കാണിച്ച ലയയുടെ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സഹോദനര്‍ തത്തപ്പിള്ളി യുപി സ്കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. പോസ്റ് മോര്‍ട്ടത്തിനായി ലയയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X