കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലേറു കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം!

  • By Staff
Google Oneindia Malayalam News

പാലക്കാട്: മലമ്പുഴയില്‍ വി.എസ്.അച്യുതാന്ദനെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിതനായ വ്യവസായ പ്രമുഖന്റെ വീടിനുനേരെയുണ്ടായ കല്ലേറിനെപ്പറ്റി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നു.

പാലക്കാട്ടെ സൂര്യ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയും വിവാദ പുരുഷനുമായ വി.എം. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിന്മേലാണ് എല്ലാ കീഴ്വഴക്കങ്ങളെയും ലംഘിച്ചുകൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നത്. സിപിഎമ്മിലെ പിണറായി ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ളയാണ് രാധാകൃഷ്ണന്‍.

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാധാകൃഷ്ണന്റെ വീടിനുനേരെ ഒരുസംഘം ആളുകള്‍ കല്ലെറിഞ്ഞത്. തുടര്‍ന്ന് രാധാകൃഷ്ണന്‍ പൊലീസില്‍ പരാതിപ്പെടുകയും പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്തു.

പക്ഷേ പരാതിക്കാരന്‍ പറഞ്ഞതുപ്രകാരം ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ആക്രമണം നടന്ന വീട്ടില്‍ ഉണ്ടായതായി ലോക്കല്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. നാശനഷ്ടങ്ങള്‍ ഏതാനും ആയിരങ്ങള്‍ മാത്രമാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.

രാത്രിയില്‍ ഓട്ടോറിക്ഷയിലെത്തിയ അക്രമി സംഘം വീട്ടുവളപ്പില്‍ കടന്ന് വീടിനു നേരെ കല്ലെറിയുകയും കാവല്‍ക്കാരനെ ആക്രമിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതികാറിന്റെ ചില്ലും ഏതാനും ജനല്‍ ചില്ലുകളും കല്ലേറില്‍ തകരുകയും ചെയ്തിരുന്നു.

എന്നാല്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തനാകാതെ രാധാകൃഷ്ണന്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുകയും 2006 ജൂലൈ മൂന്നിന് ആഭ്യന്തര വകുപ്പ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുകയുമായിരുന്നു. രാഷ്ട്രീയപ്രശ്നങ്ങളാണ് വീടിനുനേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

മലമ്പുഴയില്‍ വി.എസ്.അച്യുതാനന്ദനെതിരെ രാധാകൃഷ്ണന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ പ്രവര്‍ത്തകര്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.

മുന്‍ യുഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ബിനാമിയായിരുന്ന രാധാകൃഷ്ണന് സിപിഎമ്മിന്റെ മലപ്പുറത്ത് നടന്ന സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളിലും പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ സൂര്യ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പരസ്യം അച്ചടിച്ചുവന്നതിനെത്തുടര്‍ന്നാണ് ഇയാള്‍ക്ക് സംസ്ഥാനരാഷ്ട്രീയത്തിലുള്ള പിടിപാടുകളെക്കുറിച്ച് പുറം ലോകം അറിയുന്നത്.

പുതിയ എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ദിനത്തില്‍തന്നെ പാര്‍ട്ടിപ്പത്രത്തിന്റെ മുന്‍പേജില്‍ അച്ചടിച്ചുവന്ന സൂര്യഗ്രൂപ്പിന്റെ പരസ്യം പാര്‍ട്ടിയ്ക്കകത്തും പുറത്തും വിവാദത്തിന് വഴിവെച്ചിരുന്നു.

സത്യപ്രതിജ്ഞാ ദിവസം പുതിയ സര്‍ക്കാറിന് അഭിവാദ്യങ്ങള്‍ നേരുന്ന സൂര്യ ഗ്രൂപ്പിന്റെ പരസ്യവുമായാണ് ദേശാഭിമാനി പുറത്തിറങ്ങിയത്. മുന്‍പേജില്‍ സത്യപ്രതിജ്ഞയേക്കാളേറെ സൂര്യ ഗ്രൂപ്പിന് പ്രാധാന്യം നല്‍കുന്ന രീതിയിലാരുന്നു പരസ്യം.

പിണറായി പക്ഷവുമായി ഉണ്ടായിരുന്ന ബന്ധമാണ് പാര്‍ട്ടി പത്രത്തില്‍ ഇത്തരം ഒരു പരസ്യം നല്‍കാന്‍ രാധാകൃഷ്ണനെ സഹായിച്ചത്. ഈ ബന്ധം തന്നെയാണ് വീടിനുനേരെ കല്ലേറുണ്ടായെന്ന ചെറിയ കേസില്‍ ക്രൈം ബ്രാഞ്ചിനെ അന്വേഷണച്ചുമതലയേല്‍പ്പിക്കുന്നിടത്തോളം കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

എന്നാല്‍ ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ താന്‍ തൃപ്തനല്ലെന്ന് കാണിച്ച് ഡിജിപിയ്ക്ക് പരാതിനല്‍കിയതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് രാധാകൃഷ്ണന്റെ വിശദീകരണം.

കൂടാതെ യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഗൂഡാലോചനയിലും തനിയ്ക്ക് പങ്കില്ലെന്ന് കാണിച്ച് 32പേജുള്ള വിശദീകരണം താന്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X