കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ മെഡിക്കല്‍ ഫീസ് ധാരണയായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാറും മെഡിക്കല്‍ മാനേജ്മെന്റുകളും ബുധനാഴ്ച നടത്തിയ സമവായചര്‍ച്ചയില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച് ധാരണയായി.

ഇതുപ്രകാരം 50ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസും 50ശതമാനം സീറ്റില്‍ കെ.ടി തോമസ് കമ്മിറ്റി ശുപാര്‍ശ ചെയ്ത ഫീസുമായിരിക്കും ഈടാക്കുക.

സര്‍ക്കാര്‍ സീറ്റില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യം അനുവദിക്കാന മാനേജ്മെന്റുകള്‍ തയ്യാറായ സാഹചര്യത്തില്‍ പി.എ മുഹമ്മദ് കമ്മറ്റി തീരുമാനം സര്‍ക്കാര്‍ നടപ്പാക്കില്ല.

മാനേജ്മെന്റുകളുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലുള്ള അന്തിമ തീരുമാനം വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലുണ്ടാകുമെന്ന് മന്ത്രി എം.എ ബേബി അറിയിച്ചു. മുഹമ്മദ് കമ്മറ്റി തീരുമാനത്തിന്മേല്‍ എന്തു തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന കാര്യവും മന്ത്രിസഭ ചര്‍ച്ചചെയ്യും.

മെഡിക്കല്‍ മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ ധാരണപ്രകാരം 45ശതമാനം സീറ്റില്‍ ഫീസ് സൗജന്യം നല്‍കുന്നതിനായി സീറ്റൊന്നിന് ഒരു ലക്ഷം രൂപ വീതം മനേജ്മെന്റുകള്‍ സര്‍ക്കാറിന്റെ സ്കോളര്‍ഷിപ്പ് ഫണ്ടിലേയ്ക്ക് മുന്‍കൂറായി അടയ്ക്കും.

ഈ തുകയ്ക്കൊപ്പം 13,000രൂപ കൂടി ചേര്‍ത്ത് പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികള്‍ അടയ്ക്കണം. ബാക്കിയുള്ള 5ശതമാനം സീറ്റ് പട്ടികവിഭാഗത്തിനായി നീക്കിവെച്ചതാണ്. ഇവരുടെ ഫീസ് നേരത്തേമുതല്‍ സര്‍ക്കാര്‍ തന്നെ വഹിക്കുന്നതിനാല്‍ 1.13ലക്ഷം രൂപയും സര്‍ക്കാര്‍ അടയ്ക്കും.

ഇക്കൊല്ലം പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോഴ്സ് അവസാനിക്കുന്നതു വരെ ഈ രീതിയിലായിരിക്കും ഫീസ് അടയ്ക്കേണ്ടത്. സര്‍ക്കാര്‍ പ്രവേശനം നല്‍കുന്ന അമ്പത് ശതമാനം സീറ്റില്‍ സൗജന്യ ഫീസ് അനുവദിക്കണമെന്ന് മന്ത്രിസഭാ ഉപസമിതി മാനേജ്മെന്റുകളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കേ സൗജന്യം അനുവദിക്കാന്‍ കഴിയൂ എന്ന നിലപാടില്‍ മാനേജ്മെന്റുകള്‍ ഉറച്ചുനിന്നു. എന്നാല്‍ സര്‍ക്കാര്‍ സീറ്റില്‍ അങ്ങനെ വിവേചനം കാണിച്ചാല്‍ അത് നിയമപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഉപസമിതി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സീറ്റിന്റെ എണ്ണം കണക്കാക്കി 45ശതമാനം സീറ്റില്‍ സീറ്റൊന്നിന് ഒരു ലക്ഷം രൂപ വീതം മാനേജ് മെന്റുകള്‍ സര്‍ക്കാറിലേയ്ക്ക് അടയ്ക്കണമെന്ന് ധാരണയായത്. സാമ്പത്തിക ശേഷി കുറഞ്ഞവര്‍ക്കാണ് ഈ തുക നല്‍കുന്നതെന്ന് വ്യക്തമാക്കിയ മാനേജ്മെന്റുകള്‍ വരുമാനപരിധി നിര്‍ണയിക്കാനുള്ള അവകാശം സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ സീറ്റില്‍ വരുമാനപരിധി കൊണ്ടുവരുന്നത് നിയമപ്രശ്നത്തിനിടവെയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഫലത്തില്‍ എല്ലാവര്‍ക്കും ഫീസ് സൗജന്യം ലഭിക്കാനാണ് സാധ്യത.

എല്ലാസീറ്റുകളിലേയ്കുമുള്ള ഫീസ് മാനേജ്മെന്റ് മൂന്‍കൂട്ടി അടയ്ക്കുന്നതിനാല്‍ സര്‍ക്കാറിന് പണം കണ്ടേത്ത ബാധ്യതയുമില്ല. ഇപ്പോഴുണ്ടാക്കിയ ധാരണയില്‍ നിന്ന് പിന്മാറി മുഹമ്മദ് കമ്മറ്റി തീരുമനം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചാല്‍ ഫീസ് സൗജന്യം നല്‍കാമെന്ന നിലപാടില്‍ നിന്ന് മാനേജ്മെന്റുകള്‍ പിന്മാറും.

വെള്ളിയാഴ്ചയാണ് ഓപ്ഷന്‍ രജിസ്ട്രേഷന്‍ അവസാനിക്കുന്നത്. അതിന് മുമ്പായി മന്ത്രിസഭാ തീരുമാനമുണ്ടാകുമെന്ന് ബേബി അറിയിച്ചു.

വ്യാഴാഴ്ച എന്‍ജിനീയറിംഗ് മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സ്വാശ്രയ നിയമത്തിലെ ന്യൂനപക്ഷ നിര്‍വ്വചനം സംബന്ധിച്ച് മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി വെള്ളിയാഴ്ച ചര്‍ച്ചനടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X