കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാലയങ്ങളിലെ മതപഠനം നിയന്ത്രിക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ അധ്യയന സമയം കഴിഞ്ഞും മതപഠനം നടത്തുന്നതും മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതും തടയണമെന്ന് മാറാട് കമ്മിഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

രാഷ്ട്രീയം, വിദ്യാഭ്യാസം എന്നിവയില്‍ നിന്നും മതത്തെ വേര്‍പെടുത്തേണ്ടത് സാമൂഹിക സുസ്ഥിതിയ്ക്ക് അത്യാവശ്യമാണെന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മാറാട് കൂട്ടക്കൊല പോലുള്ള സംഭവങ്ങള്‍ ഇനിയുണ്ടാകാതിരിക്കാന്‍ തോമസ് പി.ജോസഫ് കമ്മിഷന്‍ പ്രത്യയശാസ്ത്ര നടപടികള്‍, രാഷ്ട്രീയ നടപടികള്‍, നിയമ നടപടികള്‍ എന്നിങ്ങനെ മൂന്ന് തരം ശുപാര്‍ശകളാണ് മുന്നോട്ട് വച്ചിട്ടുള്ളത്.

വിദ്യാലയങ്ങളില്‍ മതപഠനവും മതചിഹ്നവും പാടില്ലെന്നാണ് പ്രത്യയ ശാസ്ത്ര നടപടികളിലെ പ്രധാന ശുപാര്‍ശ. അനുവദിക്കപ്പെട്ട വിദ്യാലയങ്ങളിലല്ലാതെ മതപഠനം നടത്തുന്നത് അനുവദിക്കരുത്.

അധ്യാപക പരിശീലന കോഴ്സുകളില്‍ മതസൗഹാര്‍ദവും ഭരണഘടനാ തത്വങ്ങളും പഠനത്തിന്റെ ഭാഗമാക്കണം. മതപഠം സുതാര്യമാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

മതപരമായ ഘോഷയാത്രകള്‍ക്ക് ആവശ്യമായ പൊലീസിനെ നിയോഗിക്കണം. ഇതിനായി സംഘാടകര്‍ മൂന്‍കൂര്‍ പണം കെട്ടിവെയ്ക്കണമെന്ന് വ്യവസ്ഥയുണ്ടാക്കണം.

വിദ്യാര്‍ത്ഥികളില്‍ മതസൗഹാര്‍ദ്ദം എന്ന ചിന്ത വളര്‍ത്തുന്നതിന് ആവശ്യമായ രീതിയില്‍ വിദ്യാഭ്യാസ പരിഷ്ക്കരണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. വാക്കില്‍ മാത്രമാകാതെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മതേതരത്വം പ്രവൃത്തിയിയിലും കൊണ്ടുവരണം.

വര്‍ഗ്ഗീയ കലാപമോ മതസ്പര്‍ദ്ധയോ വളര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യണം. വര്‍ഗ്ഗീയകലാപങ്ങളെക്കുറിച്ച് മുന്‍ കമ്മിഷനുകളുടെ ശുപാര്‍ശ നടപ്പാക്കണമെന്നും രാഷ്ട്രീയ നടപടികളിലെ ശുപാര്‍ശകളില്‍ കമ്മിഷന്‍ പറയുന്നു.

നിയമനടപടികളില്‍ പ്രധാനപ്പെട്ട ശുപാര്‍ശ പൊലീസിന്റെ നിഷ്പക്ഷതയെക്കുറിച്ചാണ്. പൊലീസ് രാഷ്ട്രീയമായും മതപരമായും നിഷ്പക്ഷരാകേണ്ടതുണ്ട്. പൊലീസ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ഇന്നത്തെ രീതിയില്‍ തുടരേണ്ടതുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണം.

ദേവാലയങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണമെന്നും ശുപാര്‍ശയില്‍ പറയുന്നു. വിദേശത്ത് നിന്നുള്ള പണത്തെക്കുറിച്ച് അന്വേഷണം നടത്തണം, സി.ബി.ഐ മാതൃകയില്‍ സ്റേറ്റ് ഇന്‍വെസ്റിഗേഷന്‍ ബ്യൂറോയെ നിയമിക്കണം.

അനധികൃത ആയുധങ്ങള്‍ക്ക് വേണ്ടി പരിശോധന നടത്താനും പിടിച്ചെടുക്കാനും നടപടി, വര്‍ഗ്ഗീയ കലാപങ്ങളെക്കുറിച്ചുള്ള കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി, കലാപം തടയുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം എന്നിവയ്ക്കും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.

മാറാട് കലാപത്തിനായി ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം, ആയുധശേഖരം, കലാപം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തവര്‍ എന്നീ കാര്യങ്ങള്‍ കണ്ടെത്തുന്നതില്‍ കേസന്വേഷിച്ച കോഴിക്കോട് ക്രൈം ബ്രാഞ്ച് പരാജയപ്പെടുകയോ വിസമ്മതിക്കുകയോ ചെയ്തതായും കമ്മിഷന്‍ കുറ്റപ്പെടുത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X