ചികിത്സാ സഹായ പദ്ധതി വെട്ടിച്ചുരുക്കില്ല: വി.എസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ പുതിയ നിബന്ധനകളോ വെട്ടിച്ചുരുക്കലോ കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു.
പദ്ധതിയില്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ഉമ്മന്‍ചാണ്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി വീണ്ടും പരിശോധിച്ച ശഷം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും പൊതുമേഖലാ കമ്പനിയുമായി ചേര്‍ന്നു വേണം പദ്ധതി നടപ്പാക്കേണ്ടതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ പദ്ധതിനടത്തിപ്പിനായി കരാറുണ്ടാക്കിയിട്ടുള്ള സ്വകാര്യ കമ്പനിയോട് സര്‍ക്കാര്‍ നല്‍കിയ ആദ്യ പ്രിമിയമായ മൂന്ന് ലക്ഷം രൂപ തിരിച്ചുതരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
പണം തിരികെ ലഭിച്ചതിനുശേഷം സംസ്ഥാനസര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ വഴിയോ അല്ലെങ്കില്‍ പുതിയ ടെന്‍ഡര്‍ വിളിച്ചോ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പദ്ധതി പ്രകാരം ചികിത്സാ സഹായം നല്‍കുന്നതിനായി പ്രായപരിധി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതിയും അറിയിച്ചു.
സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളിലും റീജ്യനല്‍ കാന്‍സര്‍ സെന്ററിലും ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിലും ചികിത്സയ്ക്കെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കാണ് പദ്ധതി പ്രകാരം സഹായധനം നല്‍കിവരുന്നതെന്നും ശ്രീമതി അറിയിച്ചു.
നിര്‍ധന രോഗികള്‍ക്കായുള്ള ചികിത്സാ സഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ 50 വയസ് വരെ പ്രായപരിധി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടുവെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.












Click it and Unblock the Notifications