രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 8മുതല്‍
തിരുവനന്തപുരം: കേരളത്തിന്റെ പതിനൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 8മുതല്‍ 15വരെ നടക്കും.
കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍ മോഹനനും ചലച്ചിത്രോത്സവ സംഘാടകരും സംയുക്തമായിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
മേളയില്‍ മൊത്തം143 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മേള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയും പ്രശസ്ത നടി ശര്‍മിളാ ടാഗോറും ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും.
ചിലിയിലെ പ്രശസ്ത ചലച്ചിത്രകാരന്‍ പട്രിഷ്യോഗുസ്മോയാണ് മത്സരവിഭാഗം ജൂറി അധ്യക്ഷന്‍. നടന്‍ നസ്റുദ്ദീന്‍ ഷാ, നടി ജൂലി ക്രിസ്റി എന്നിവര്‍ ജൂറി അംഗങ്ങളാണ്.
മത്സരവിഭാഗത്തിലേയ്ക്ക് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 15 ചിത്രങ്ങല്‍ തിരഞ്ഞെടുത്തിട്ടുണ്ട്. അറേബ്യന്‍ ഡോക്യുമെന്ററി-ഹ്രസ്വ ചിത്രങ്ങള്‍ ഇത്തവണത്തെ മേളയുടെ മുഖ്യ ആകര്‍ഷണമാണ്. അനിമേഷന്‍ ചിത്രങ്ങളുടെ പ്രത്യേക പാക്കേജും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മത്സര വിഭാഗമുള്‍പ്പെടെ പതിനൊന്നു വിഭാഗങ്ങളാണ് മേളയിലുള്ളത്. ഏഴ് വേദികളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. പ്രമുഖ സംവിധായകന്‍ ടി. വി ചന്ദ്രന്റെ തമിഴ് ചിത്രമായ ആടുംകൂത്ത്, എം.പി സുകുമാരന്റെ ദൃഷ്ടാന്തം എന്നിവ മത്സരത്തിനുണ്ട്.
റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഹ്രസ്വചിത്രങ്ങള്‍ ഉള്‍പ്പെടെ 12ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ലൂയിസ് മില്ലിയുടെ 15ചിത്രങ്ങളും ഇതേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഇതിനുപുറമെ അന്തരിച്ച പ്രതിഭകളായ പവിത്രന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശ്രീവിദ്യ, പത്മിനി തുടങ്ങിയവരുടെ സ്മരണയ്ക്കായുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. മുഖ്യമന്ത്രിയാണ് മേളയുടെ മുഖ്യ രക്ഷാധികാരി. സാംസ്കാരിക മന്ത്രി എംഎ ബേബിയാണ് പ്രസിഡന്റ്.












Click it and Unblock the Notifications